ഖത്തറിൽ നടക്കുന്ന അറബ് കപ്പ് വീക്ഷിക്കുന്ന ആരും ബലൂമി വർഷങ്ങൾക്കു ശേഷം വീണ്ടും കളത്തിലിറങ്ങിയോ എന്നു തോന്നിപ്പോവും. ബലൂമിയെ അനുസ്മരിപ്പിച്ചാണ് അയാൾ കളിക്കളം അടക്കിവാഴുന്നതും എതിരാളികളെ അനായാസം വെട്ടിച്ചു കടന്ന് മുന്നേറുന്നതും. അയാളുടെ പേരാണ് മുഹമ്മദ് യൂസുഫ് ബിലയ്‌ലി. ബ്രസീലിയൻ പ്രതിഭ മിന്നുന്ന അൾജീരിയൻ രത്‌നമാണ് ബിലയ്‌ലി.
അൾജീരിയൻ ഫുട്‌ബോളിനെക്കുറിച്ച ഏതു ചർച്ചയിലും റബാഹ് മാജിറിന്റെ പേര് ഉയർന്നു വരും. എൺപതുകളിലെ ലോകോത്തര കളിക്കാരിലൊരാളായിരുന്നു റബാഹ് മാജിർ. അൾജീരിയക്കു വേണ്ടി രണ്ട് ലോകകപ്പുകളിൽ കളിച്ചു. 1987 ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെ തോൽപിച്ച് കിരീടം നേടാൻ പോർടോയെ സഹായിച്ചു.
1982 ലെ സ്‌പെയിൻ ലോകകപ്പിൽ ലോക ഫുട്‌ബോളിന്റെ അധികാര ശ്രേണിയെ പിടിച്ചുലച്ച ടീമായിരുന്നു മാജിറിന്റെയും ബലൂമിയുടെയും അൾജീരിയ. ആ ലോകകപ്പിന്റെ പ്രിയ ടീമായിരുന്നു അവർ. കാൾ ഹയ്ൻസ് റൂമനിഗ്ഗെയുടെയും ഹോർസ്റ്റ് ഹ്രൂബേഷിന്റെയും പശ്ചിമ ജർമൻ നെടുങ്കോട്ടയുടെ നെഞ്ചു പിളർത്തി അവർ. ലാറ്റിനമേരിക്കൻ വമ്പന്മാരായ ചിലെയെ 3-2 ന് ഞെട്ടിച്ചു. യൂറോപ്യൻ വമ്പന്മാരുടെ കള്ളക്കളി വേണ്ടിവന്നു അൾജീരിയൻ ഗ്രീൻസിന്റെ കുതിപ്പ് തടയാൻ. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു കളി ജയിച്ചിട്ടും നോക്കൗട്ടിലേക്ക് മുന്നേറാതിരുന്ന ആദ്യ ടീമായി അൾജീരിയ.
എൺപതുകളിലെ അൾജീരിയൻ ഫുട്‌ബോൾ തലമുറ ഏത് വമ്പന്മാരോടും കിടപിടിക്കാൻ കെൽപുള്ളവരായിരുന്നു. 1982 ൽ അൾജീരിയയുടെ താരസമ്പന്നമായ ടീമിനെ ജർമനി പുറത്താക്കിയത് പരസ്യമായി കള്ളക്കളി കളിച്ചാണ്. റബാഹ് മാജിറും ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയറായിരുന്ന ലഖ്ദർ ബലൂമിയുമടങ്ങുന്ന അൾജീരിയൻ നിര 1982 ലെ മികച്ച ടീമുകളിലൊന്നായിരുന്നു.
മാജിറിന്റെ അസാധാരണ പ്രതിഭയെ ആരും അംഗീകരിക്കും. എന്നാൽ അൾജീരിയൻ ദേശീയ ടീമിനെയും അവിടത്തെ ക്ലബ് ഫുട്‌ബോളിനെയും നിരീക്ഷിച്ചവർ പറയും റബാഹ് മാജിറിനോട് ഓരോ ഇഞ്ചും കിടപിടിക്കും ലഖ്ദർ ബലൂമി എന്ന്. ക്ലബ് ഫുട്‌ബോൾ ഏതാണ്ട് പൂർണമായി അൾജീരിയയിൽ കളിച്ചതിനാൽ റബാഹ് മാജിറിനെ പോലെ ലഖ്ദർ ബലൂമി അറിയപ്പെട്ടില്ല. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നു വന്ന മികച്ച കളിക്കാരുടെ ഒപ്പമാണ് ലഖ്ദർ ബലൂമിക്ക് സ്ഥാനം.
ആ സുവർണ കാലഘട്ടത്തിൽ നിന്ന് അൾജീരിയ ഏറെ മുന്നോട്ടു പോയി. ഖത്തറിൽ നടക്കുന്ന അറബ് കപ്പ് വീക്ഷിക്കുന്ന ആരും ബലൂമി വർഷങ്ങൾക്കു ശേഷം വീണ്ടും കളത്തിലിറങ്ങിയോ എന്നു തോന്നിപ്പോവും. ബലൂമിയെ അനുസ്മരിപ്പിച്ചാണ് അയാൾ കളിക്കളം അടക്കിവാഴുന്നതും എതിരാളികളെ അനായാസം വെട്ടിച്ചു കടന്ന് മുന്നേറുന്നതും. അയാളുടെ പേരാണ് മുഹമ്മദ് യൂസുഫ് ബിലയ്‌ലി. ബ്രസീലിയൻ പ്രതിഭ മിന്നുന്ന അൾജീരിയൻ രത്‌നമാണ് ബിലയ്‌ലി.
അറബ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അയൽക്കാരായ മൊറോക്കോയെ ഷൂട്ടൗട്ടിൽ തോൽപിച്ച അൾജീരിയ സെമി ഫൈനലിൽ ആതിഥേയരായ ഖത്തറിനെ എക്‌സ്ട്രാ ടൈമിൽ തോൽപിച്ചു. തുനീഷ്യയുമായാണ് അവർ ഫൈനൽ കളിക്കുക.
രണ്ട് മത്സരങ്ങളിലും ബിലയ്‌ലി കളം നിറഞ്ഞുനിന്നു. മൊറോക്കോക്കെതിരായ കളിയിൽ രണ്ടാം പകുതിയിൽ അൾജീരിയക്ക് ലീഡ് നേടിക്കൊടുത്ത പെനാൽട്ടി നേടിയെടുത്തത് ബിലയ്‌ലിയാണ്. ഒരു ഡിഫന്ററെ വെട്ടിച്ച് ബോക്‌സിൽ കയറിയ ബിലയ്‌ലിയെ ബദർ ബിനൂൻ തടഞ്ഞിട്ടു. വീഡിയോ പരിശോധിച്ച ശേഷം റഫറി പെനാൽട്ടിക്ക് വിസിലൂതി. കിക്കെടുത്ത യാസിൻ ബ്രാഹിമി അനായാസം ഷോട്ട് മൊറോക്കോ ഗോളി അനസ് സനീതിയെ കബളിപ്പിച്ച് വലയിലാക്കി. പക്ഷേ രണ്ടു മിനിറ്റിനകം മൊറോക്കൊ തിരിച്ചടിച്ചു. ഫ്രീകിക്ക് ഹെഡ് ചെയ്ത് മുഹമ്മദ് നഹീരി ഗോൾ മടക്കി. എക്‌സ്ട്രാ ടൈമിൽ ബിലയ്‌ലി മറ്റൊരു മാന്ത്രിക നിമിഷം സൃഷ്ടിച്ചു. ഗോൾകീപ്പർ സ്ഥാനം തെറ്റിനിൽക്കുന്നതു കണ്ട ബിലയ്‌ലി മിഡ്ഫീൽഡിൽ പന്ത് സ്വീകരിച്ചയുടൻ ഉയർത്തിയടിച്ചു. 40 വാര അകലെ നിന്നുള്ള ഷോട്ട് ഗോളിയെ കീഴടക്കി വല കുലുക്കി. അതിനു മുമ്പ് ഈജിപ്തിനെയും അവർ തോൽപിച്ചിരുന്നു. സെമി ഫൈനലിൽ ആതിഥേയരായ ഖത്തറിനെതിരെ എക്‌സ്ട്രാ ടൈമിൽ വിജയ ഗോളടിച്ചതും ബിലയ്‌ലി തന്നെ.
ഖത്തർ ലീഗിൽ ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിന്റെ താരമെന്ന നിലയിൽ ഖത്തർ കളിക്കാരെ ബിലയ്‌ലിക്ക് കൈ വെള്ളയിലെന്ന പോലെ അറിയാം. അവരിൽ പലരെയും ക്ലബ് ഫുട്‌ബോളിൽ ബിലയ്‌ലി നേരിട്ടിട്ടുണ്ട്. പലർക്കുമൊപ്പം കളിച്ചിട്ടുമുണ്ട്. ബിലയ്‌ലിയുടെ ബാല്യകാല സുഹൃത്ത് ബഗ്ദാദ് ബൂനിജയും ഇപ്പോൾ ഖത്തർ ലീഗിലാണ് കളിക്കുന്നത്. ഇരുവരും ചേർന്നാണ് സെമി ഫൈനലിൽ ഖത്തറിന്റെ പതനത്തിന് വഴിയൊരുക്കിയത്.