Sorry, you need to enable JavaScript to visit this website.

ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കിയില്ലെങ്കില്‍  വിവാഹമോചനം അനുവദിക്കാം- ഹൈക്കോടതി

കൊച്ചി-ഒന്നിലേറെ വിവാഹംകഴിച്ച മുസ്‌ലിം ഭര്‍ത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. മുസ്‌ലിം വിവാഹമോചനനിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്. 1991ലായിരുന്നു വിവാഹം. അഞ്ചുവര്‍ഷമായി ഭര്‍ത്താവ് അകന്നുകഴിയുകയാണ്. 2019ലാണ് വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മുതല്‍ ഭര്‍ത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹര്‍ജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, മൂന്ന് കുട്ടികളുള്ളത് ചൂണ്ടിക്കാട്ടി ആ വാദം കോടതി തള്ളി.
വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവാണ് വീഴ്ചവരുത്തിയതെന്നും കോടതി വിലയിരുത്തി. ചെലവിന് നല്‍കി എന്നത് വൈവാഹിക കടമ നിര്‍വഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും കോടതി വിലയിരുത്തി.
 

Latest News