അമേഠിയില്‍ രാഹുലിന്റേയും പ്രിയങ്കയുടേയും പദയാത്ര; കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കുന്നു

അമേഠി- ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്റേയും ഗാന്ധി കുടുംബത്തിന്റേയും തട്ടകമായ അമേഠിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഉയരുന്ന പണപ്പെരുപ്പം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയാണ് ആറു കിലോമീറ്റര്‍ ദൂരം കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധ പദയാത്ര. കേന്ദ്രത്തിനെതിരെ കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചതിനു ശേഷം രണ്ടാമത്തെ വലിയ പരിപാടിയാണിത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ തോറ്റ മണ്ഡലം കൂടിയാണ് അമേഠി. യുപിയില്‍ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ സമരം ശക്തിപ്പെടുത്തുന്നത്. 2019ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റ ശേഷം ഇതു രണ്ടാം തവണയാണ് രാഹുല്‍ അമേഠിയിലെത്തുന്നത്. ഗാന്ധികുടുംബത്തിന്റെ തട്ടകത്തില്‍ രാഹുല്‍ തോറ്റത് കോണ്‍ഗ്രസിന് വലിയ നാണക്കേടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണം കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍.
 

Latest News