Sorry, you need to enable JavaScript to visit this website.

സാനിറ്റൈസ്  ചെയ്യപ്പെടേണ്ടത് മനുഷ്യ മനസ്സുകൾ

പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ച ഒരു വാക്കാണ് സാനിറ്റൈസേഷൻ.  സാനിറ്റൈസർ ഉപയോഗിച്ചുകൊണ്ട്  പല തരത്തിലുള്ള വൈറസുകളിൽ നിന്നും നമ്മുടെ ശരീരത്തെ നാം  പരമാവധി അണുവിമുക്തമാക്കിക്കൊണ്ടിരിക്കുന്നു.  എന്നാൽ സോഷ്യൽ മീഡിയയിലൂടെയും ചാനൽ ചർച്ചകളിലൂടെയും  പ്രസരിപ്പിക്കപ്പെടുന്ന അതീവ അപകടകാരികളായ  വർഗീയതയും ജാതീയതയും പകർത്തുന്ന  വൈറസുകളെ പ്രതിരോധിക്കാൻ നാം മനസ്സുകളെ നിരന്തരം അണുവിമുക്തമാക്കിയേ മതിയാവൂ എന്ന സ്ഥിതിയിലാണിപ്പോൾ.  അൽപമൊന്ന് കാര്യമായി  ശ്രദ്ധിച്ചാൽ  ഒരു കാര്യം ബോധ്യപ്പെടും. സങ്കുചിതവും മലിനവുമായ  മനുഷ്യ മനസ്സുകൾ ആണ്  ഈ വൈറസുകളുടെ ഉറവിടം. ബാലചന്ദ്രൻ ചുള്ളിക്കാട് ഈയിടെ പറഞ്ഞത് പോലെ മുമ്പ് വർഗീയത രഹസ്യമായ ഗുഹ്യരോഗമായിരുന്നെങ്കിൽ ഇന്നത്  കുഷ്ഠരോഗം പോലെ പരസ്യമായിരിക്കുന്നു. ചില തൽപരകക്ഷികളും ഇരുണ്ട മനസ്‌കരും നിരന്തരം പടച്ചുവിടുന്ന വിദ്വേഷത്തിന്റെ വൈറസുകള പ്രതിരോധിക്കാൻ  സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന  മൗനം പാലിക്കുന്ന സുമനസ്സുകളൊന്നടങ്കം  രംഗത്ത് വന്നില്ലെങ്കിൽ ഏറെ കഴിയും മുമ്പ് ഈ മാരക വിഷം അപരിഹാര്യമായ തരത്തിൽ സമൂഹ ഗാത്രത്തിന് ഗുരുതരമായ ക്ഷതമേൽപിക്കുമെന്നതിൽ ഒട്ടും സംശയമില്ല. മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുകയും  സഭ്യേതരമായ ഭാഷയിൽ ഒരു   പ്രതിപക്ഷ ബഹുമാനവുമില്ലാതെ പല വഴികളിലൂടെ, വിവിധ രീതികളിലൂടെ അന്യമത വിദ്വേഷവും അപരവൽക്കരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ കരുതലോടെ തിരിച്ചറിയപ്പെടണം. അവ തുറന്നു കാണിക്കുകയും നന്മ കൊണ്ടും കാരുണ്യത്തിലധിഷ്ഠിതമായ സാഹോദര്യം കൊണ്ടും മൈത്രീ ഭാവം കൊണ്ടും പ്രതിരോധിക്കപ്പെടുകയും വേണം.


ജനതയുടെ സുരക്ഷയ്ക്കും  മതേതരമായ നിലനിൽപിനും സാമൂഹ്യ അഭിവൃദ്ധിക്കും കാവലാവേണ്ട അധികാരികളും നിലകൊള്ളേണ്ട മുഖ്യധാരാ മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ ജനങ്ങളിൽ അരക്ഷിതത്വവും അനിശ്ചിതത്വവും വിതയ്ക്കുന്ന  ജീർണതാ പ്രചാരണങ്ങൾക്ക് മൗനാനുവാദം നൽകുകയും  അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ട്.
വർഗീയത  പ്രസംഗിക്കുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും  അതിനായി  പ്രവർത്തിക്കുന്നവരുടെയും എണ്ണം  അനുദിനം പെരുകുകയാണ്. പരനിന്ദയും പരിഹാസവും അസഹനീയമായ തോതിൽ സമൂഹത്തെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നു. പുരോഹിത വേഷക്കാരും പണ്ഡിത ഭാഷക്കാരും ജുഗുപ്‌സാവഹമായ ശൈലിയിൽ  പുതിയ ടെർമിനോളജി ഉപയോഗിച്ച്  വർഗീയതയും വംശീയതയും പ്രചരിപ്പിച്ച് അരങ്ങിൽ തിമിർത്താടുകയാണ്.


ബഹുഭൂരിപക്ഷം മനുഷ്യര്യം അഭിപ്രായ ഭിന്നതകളുള്ളവരും ആചാര വൈവിധ്യമുള്ളവരുമാണ്. അടിസ്ഥാന  പ്രമാണങ്ങൾക്ക് നിരക്കാത്ത തരത്തിൽ മതപാഠങ്ങളെ സ്വാർത്ഥ താൽപര്യങ്ങൾക്കും കാമനകൾക്കും അനുസരിച്ച് വളച്ചൊടിച്ച് ഒട്ടൊരുപാട് പൊള്ളത്തരങ്ങളും ദുരാചാരങ്ങളും പല കുബുദ്ധികളായ പുരോഹിതരും പണ്ഡിത വേഷധാരികളും പല കാലങ്ങളിലായി വിവിധ മതങ്ങളുടെ ഭാഗങ്ങളാക്കിയിട്ടുണ്ട്. അതുവഴി സാധാരണ വിശ്വാസികളെ  കലഹപ്രിയരും  കലാപകാരികളുമാക്കിയിട്ടുമുണ്ട്. കലഹങ്ങളും കലാപങ്ങളും മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ് എന്നു കാണാം.  അവ ഇനിയും തുടരും. എന്നാൽ മനശ്ശാന്തി ലഭിക്കണമെങ്കിൽ  സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിച്ചേ മതിയാവൂ.
അതിന് കറകളഞ്ഞ ദൈവ വിശ്വാസം കൊണ്ടും അടിസ്ഥാന മത പാഠങ്ങൾ കൊണ്ടും മനസാ വാചാ കർമണാ പരമാവധി സ്വയം  സാനിറ്റൈസ് ചെയ്യുകയേ നിർവാഹമുള്ളൂ.


 

Latest News