കുട്ടികളുടെ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യുമ്പോൾ എല്ലാ കുട്ടികളെയും ഒരേ പരിഗണന കൊടുത്തുകൊണ്ടാണ് പലപ്പോഴും നമ്മൾ ചെയ്യാറ്. എല്ലാവരെയും തുല്യരായി കാണുക എന്നതാണ് അതിലെ വാസ്തവം. എന്നാൽ കുട്ടികളുടെ മനഃശാസ്ത്രം പരിശോധിച്ചാൽ ഓരോ കുട്ടിയുടെയും സ്വഭാവം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും പലരുടെയും സ്വഭാവ രീതികൾ അതനുസരിച്ചു വ്യത്യസ്തമാണെന്നും നമുക്ക് കാണാൻ കഴിയും. ചില കുട്ടികൾക്ക് കൂടുതൽ പരിഗണന വേണം. ചില കുട്ടികൾ വളരെ മൃദുല സ്വഭാവ രീതികൾ ഉള്ളവരാണ്, ചില കുട്ടികൾ കൂടുതൽ കേൾക്കുകയും അതനുസരിച്ചു പെരുമാറുകയും ചെയ്യുന്നു. മറ്റു ചിലർ പഠന നിലവാരം ഉയർത്താൻ കൂടുതൽ എഴുതി പഠിക്കുകയോ ചൊല്ലിപ്പഠിക്കുകയോ ചെയ്യുന്നവരും ആവാം. ഇങ്ങനെ സ്വഭാവം എല്ലാ കുട്ടികളിലും മാറിമറിഞ്ഞു വരാൻ കാരണം കുട്ടികളിൽ അവരുടെ സ്വഭാവവും ഭാവ പ്രകടന രീതിയും അവരുടെ മനഃശാസ്ത്രം അനുസരിച്ചു മാറിക്കൊണ്ടിരിക്കും എന്നതാണ്.
അതുപോലെ നമ്മൾ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് കുട്ടികളിലെ മാനസിക നിലയും അവരുടെ പെരുമാറ്റങ്ങളും. എല്ലാം അവരുടെ വയസ്സിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കും. കുട്ടികളിലെ പ്രായം എന്നത് ഒരു അഞ്ചു വയസ്സു വരെ വളരെ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഭാഗമാണ്. കാരണം നമ്മുടെ ചുറ്റുപാടിലെ ഓരോ കാര്യങ്ങളും അവർ സാകൂതം വീക്ഷിക്കുകയും അവരുടെ മനോമണ്ഡലത്തിൽ അത് കേട്ട പ്രകാരവും കണ്ട പ്രകാരവും അനുഭവിച്ച പ്രകാരവും സൂക്ഷിച്ചു വെക്കും. അഞ്ചു വയസ്സിനും പന്ത്രണ്ടു വയസ്സിനും ഇടയിലാണ് അവർ കാര്യങ്ങളെ കൂടുതൽ കൃത്യതയോടെ പഠിക്കാൻ ശ്രമിക്കുന്നത്. പന്ത്രണ്ടു വയസ്സ് വരെ അവരുടെ ഉള്ളിലെ കഴിവുകളെ കൂടുതൽ കണ്ടെത്താൻ നമുക്ക് ശ്രമിക്കാം. പലതരം കളികളും യാത്രകളും അവരിലെ കഴിവുകളെ വേഗത്തിൽ തിരിച്ചറിയാൻ നമ്മളെ സഹായിക്കും. പതിമൂന്നു വയസ്സു മുതലാണ് കുട്ടികളിലെ യഥാർത്ഥ സ്വഭാവ രീതികളെ നമ്മൾ കൂടുതൽ വീക്ഷിക്കേണ്ടതും അവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും. കുട്ടികളിലെ സ്വഭാവ രീതികൾ പതിമൂന്നു വയസ്സിനു ശേഷം ശ്രദ്ധിച്ചില്ല എങ്കിൽ അവർ കൂടുതൽ കൂടുതൽ മാറ്റങ്ങൾ ഉൾക്കൊള്ളുകയും അതനുസരിച്ചു പെരുമാറ്റങ്ങളിൽ ഏറ്റക്കുറവ് വരുകയും ചെയ്യും.
കുട്ടികളുടെ പ്രായം ഇരുപത്തൊന്നു വയസ്സിനു മേലെ വരുന്നത് വരെ അവരുടെ സ്വഭാവങ്ങളിൽ വളരെ തീവ്രത കൂടിക്കൂടി വരികയും ചെയ്യും. മാതാപിതാക്കന്മാർ, ഗുരുക്കന്മാർ എന്നിവരുമായി പലപ്പോഴും വഴക്കടിക്കുന്നതും അവരുമായി ശത്രുതയിൽ ആവുന്നതും എല്ലാം അവരിലെ ശാരീരിക മാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും കാരണമാണ്. ഈ പ്രായങ്ങളിൽ അവരുമായി വളരെ അടുത്തു പെരുമാറുകയും ഒരു സുഹൃത്തിനെ പോലെ അവരെ കൊണ്ടുനടക്കുകയും ചെയ്യുക എന്നതാണ് അവരിലെ ശത്രുവിനെ ഇല്ലാതാക്കാനുള്ള എളുപ്പ മാർഗം.
കുട്ടികളിലെ വളർച്ചയുടെ ഘട്ടങ്ങളിൽ അവരിലെ ശാരീരിക മാനസിക മാറ്റങ്ങൾ ശ്രദ്ധയോടെ കാണുകയും അവരുമായി കൂടുതൽ അടുത്തു പെരുമാറുകയും ചെയ്യുക എന്നതാണ് എളുപ്പമുള്ള വഴി. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവരുമായി സംസാരിക്കുമ്പോൾ ഉപദേശം എന്നതിലുപരിയായി അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന സഹായിയായി നമ്മൾക്ക് മാറാൻ കഴിയണം. അവരിലെ പ്രശ്‌നങ്ങളെ വ്യക്തിപരമായി കാണാതെ അത്തരം പ്രശ്‌നങ്ങൾ മറികടക്കാനുള്ള വഴികളെ അവർക്കു പറഞ്ഞു കൊടുക്കാൻ കഴിഞ്ഞാൽ കുട്ടികളുടെ മാനസിക ആരോഗ്യം കൂടുതൽ നല്ല രൂപത്തിൽ നമ്മൾക്ക് വളർത്തിയെടുക്കാൻ കഴിയും.






