Sorry, you need to enable JavaScript to visit this website.

ജില്ലാ സമ്മേളനത്തില്‍ നിന്നും ഇറങ്ങി പോയ  പി എന്‍ ബാലകൃഷ്ണനെ സി പി എം പുറത്താക്കും

കൊച്ചി- ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്നും ഇറങ്ങി പോയ പി എന്‍ ബാലകൃഷ്ണനെ സി പി എം പുറത്താക്കും. കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വേദിയിലിരിക്കെയാണ് പി എന്‍.ബാലകൃഷ്ണന്‍ പ്രതിഷേധവുമായി ഇറങ്ങി പോയത്. അകാരണമായി ജില്ലാ കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കുന്നുവെന്നും ഇതില്‍ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപോയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുളളവരോട് തന്റെ അംഗത്വവും ഇല്ലാതാക്കിയേക്കു എന്നു പറഞ്ഞാണ് സമ്മേളനം ബഹിഷ്‌കരിച്ചത്.
പുറമേ ശാന്തമായിരുന്ന എറണാകുളം ജില്ലയിലെ പതിനാറ് ഏരിയാ സമ്മേളനങ്ങളിലും മത്സരമില്ലാതെ സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനായി എന്ന തിളക്കത്തിനാണ് പി എന്‍ ബാലകൃഷ്ണന്റെ പ്രതിഷേധത്തോടെ മങ്ങലേറ്റിരിക്കുന്നത്. പാര്‍ട്ടിയില്‍ അച്ചടക്കത്തിന് പരമപ്രാധാന്യം കല്‍പ്പിക്കുന്നതിനാല്‍ ബാലകൃഷ്ണനെ ഔദ്യോഗികമായി പാര്‍ട്ടി പുറത്താക്കുവാനാണ് സാദ്ധ്യത. പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പഴയ ആളുകള്‍ ഒഴിവായാല്‍ മാത്രമേ പുതിയ ആളുകള്‍ക്ക് വരാന്‍ കഴിയുകയുള്ളൂ എന്നാണ് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മറുപടി പറഞ്ഞത്.എന്നാല്‍ നെറികേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയതാണ് തന്നെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് സി.പി.എം മുന്‍ ജില്ലാ കമ്മറ്റിയംഗവും കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന പി.എന്‍. ബാലകൃഷ്ണന്‍ പിന്നീട് പ്രതികരിച്ചിരുന്നു.
 

Latest News