കോഴിക്കോട്- കരിപ്പൂർ വിമാനതാവളത്തിലെത്തുന്ന യാത്രക്കാരുടെ വസ്തുവകകൾ മോഷ്ടിച്ച സംഭവത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഇന്ന് രാവിലെ ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരുടെ ബാഗേജിൽനിന്നാണ് കൂട്ടക്കൊള്ള നടന്നത്. നിരവധി യാത്രക്കാരുടെ ബാഗേജുകളിൽനിന്ന് വിലപിടിപ്പുള്ള ഫോണും സ്വർണവും പണവുമെല്ലാം നഷ്ടപ്പെട്ടു. പത്തോളം യാത്രക്കാരുടെ ബാഗുകളാണ് കുത്തിത്തുറന്നത്. ഏഴ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീന്റെ ബാഗിന്റെ പൂട്ട് മുറിച്ച് സാംസംഗ് ഫോണും മറ്റും കവർന്നു. ഇദ്ദേഹത്തിനൊപ്പമുള്ള മറ്റൊരു യാത്രക്കാരന്റെ ബാഗിൽനിന്ന് രണ്ടു പവൻ സ്വർണവും വാച്ചും മൊബൈലും കാണാതായി. നിരവധി ബാഗുകൾ പൊട്ടിച്ച നിലയിലാണ്. ഹാന്റ്ബാഗുകൾ വിമാനത്തിന്റെ കാബിനിലേക്ക് കയറ്റാൻ അനുവദിക്കാതെ കാർഗോ വിഭാഗത്തിലേക്ക് മാറ്റിയാണ് തട്ടിപ്പിന് അരങ്ങൊരുക്കുന്നത്. സാധാരണഗതിയിൽ വിലപിടിപ്പുള്ള സാധനങ്ങൾ യാത്രക്കാർ ഹാന്റ് ബാഗിലാണ് സൂക്ഷിക്കാറുള്ളത്. വിമാനത്തിനകത്തെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ കാർഗോ കൈകാര്യം ചെയ്യുന്ന ജീവനക്കാരിൽ ചിലർ ബാഗേജുകൾ കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കസ്റ്റംസ് എയർലൈൻ ഓപ്പറേറ്റർമാരുടെ ഉത്തരവാദിത്വബോധമില്ലായ്മയാണ് യാത്രക്കാരെ കൊള്ളയടി നടക്കാൻ കാരണമാവുന്നതെന്ന് മലബാർ ഡവലപ്മെന്റ് ഫോറം ചെയർമാൻ കെ.എം ബഷീർ അഭിപ്രായപ്പെട്ടു. വിമാനക്കൊള്ള അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.