തെലങ്കാനയിൽ നൈപുണ്യ  പരിശീലനത്തിന് മലയാളി സംരംഭം

അവോധയും സെറ്റ്‌വിനും ധാരണാപത്രം കൈമാറുന്നു. സെറ്റ്‌വിൻ മാനേജിംഗ് ഡയറക്ടർ വേണുഗോപാല റാവോ, അവോധ സി.ഇ.ഒ. ജോസഫ് ഇ. ജോർജ്, ഡയറക്ടർ ബോർഡ് അംഗം ബിബിൻ രാജ്, ചീഫ് ഓഫ് ഓപ്പറേഷൻസ് ഏബൽ സൈമൺ, മീഡിയ കോ-ഓഡിനേറ്റർ ലില്ലി മുരുകൻ എന്നിവരാണ് ചിത്രത്തിൽ. 

തെലങ്കാന സർക്കാരുമായി കൈകോർത്ത് മലയാളി സ്റ്റാർട്ടപ്പായ അവോധ. തെലങ്കാനയിലെ യുവതീ-യുവാക്കൾക്ക് നൈപുണ്യശേഷി വികസന പരിശീലനം നൽകാൻ സർക്കാർ സംരംഭമായ സെറ്റ്‌വിനുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അവോധയുടെ സി.ഇ.ഒ ജോസഫ് ഇ. ജോർജും സെറ്റ്‌വിൻ മാനേജിംഗ് ഡയറക്ടർ വേണുഗോപാല റാവോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ പരിശീലനം നൽകാനായി 1978ൽ രൂപം നൽകിയ സർക്കാർ സംരംഭമാണ് സെറ്റ്‌വിൻ. പുതിയതായി രൂപം നൽകിയ സെറ്റ്‌വിൻ.ഓൺലൈൻ എന്ന വെബ്‌സൈറ്റിലൂടെയാകും അവോധയുടെ കോഴ്‌സുകൾ ലഭ്യമാക്കുക.

ഡിജിറ്റൽ മാർക്കറ്റിംഗ്, എത്തിക്കൽ ഹാക്കിംഗ്, മെഡിക്കൽ കോഡിംഗ്,ഗെയിം ഡെവലപ്‌മെന്റ്, റിലേഷൻഷിപ് മാനേജ്‌മെന്റ്, കോർപ്പറേറ്റ് ഓഫീസ് അസിസ്റ്റന്റ്, സ്റ്റോർ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് എന്നീ എട്ട് കോഴ്‌സുകൾക്കായാണ് സെറ്റ്‌വിൻ അവോധയുമായി കൈകോർക്കുന്നത്. സെറ്റ്‌വിന് ഇല്ലാത്ത കോഴ്‌സുകൾ ലഭ്യമാക്കുന്നതിനായി തെലങ്കാനയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമടക്കം നിരവധി സംരംഭകരാണ് കമ്പനിയെ സമീപിച്ചിരുന്നത്. കോഴ്‌സിന്റെ മികവും കുറഞ്ഞ ഫീസും പ്ലേസ്‌മെന്റ് സൗകര്യങ്ങളുമാണ് തെലങ്കാന സർക്കാരിനെ അവോധയിലെത്തിച്ചത്-ജോസഫ് ഇ.ജോർജ് പറഞ്ഞു.

ഇംഗ്ലീഷിൽ മാത്രം ലഭ്യമാകുന്ന പല കോഴ്‌സുകളും മാതൃഭാഷയിൽ പഠിക്കാൻ അവസരമൊക്കുന്നതാണ് തെലങ്കാന സർക്കാരിനെ ആകർഷിച്ചതെന്ന് സെയിൽസ് വിഭാഗം മേധാവി അശ്വിൻ കെ. ശേഖർ പറഞ്ഞു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ മാതൃഭാഷയിലും ഇംഗ്ലീഷിലുമായി 23 കോഴ്‌സുകളാണ് അവോധ നൽകുന്നത്. സെറ്റ്‌വിൻ ഓൺലൈനിൽ 2800 രൂപയ്ക്കാണ് കോഴ്‌സുകൾ ലഭ്യമാക്കുക. മൂന്ന് മാസം ക്ലാസ്സും മൂന്ന് മാസം ഇന്റേൺഷിപ്പും എന്ന രീതിയിലാണ് കോഴ്‌സുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സൗകര്യങ്ങളും അവോധ ലഭ്യമാക്കും.

 

Latest News