വരിക്കാർക്ക് വീഡിയോകൾ നൽകുന്ന സേവനത്തിനായി കനേഡിയൻ ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമായ റംബിളുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് മീഡിയ ഗ്രൂപ്പ് അറിയിച്ചു. യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള മീഡിയ ഗ്രൂപ്പ് സാങ്കേതികവിദ്യയും ക്ലൗഡ് സേവനങ്ങളും നൽകുന്നതിനായി സ്ഥാപനവുമായി നേരത്തെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. റംബിൾ ഉപയോഗിച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി നേരത്തെ 'ട്രൂത്ത് സോഷ്യൽ' ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചതായും ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് (ടി.എം.ടി.ജി) പത്രക്കുറിപ്പിൽ പറഞ്ഞു.
ടി.എം.ടി.ജി അടിസ്ഥാന സൗകര്യങ്ങളിൽ നിർണായക നട്ടെല്ലായി പ്രവർത്തിക്കാനാണ് റംബിൾ ക്ലൗഡ് തിരഞ്ഞെടുത്തതെന്ന് ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താനാണ് ജയിച്ചതെന്ന തെറ്റായ അവകാശവാദങ്ങൾ ട്രംപ് ആവർത്തിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ കാപിറ്റോൾ ഹില്ലിൽ കലാപം നടത്തിയതിനു പിന്നാലെ 75കാരനായ ട്രംപിനെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആശയവിനിമയ മാർഗമായിരുന്നു ട്വിറ്റർ. തുടർന്ന് ഫേസ്ബുക്കിലും യൂട്യൂബിലും ട്രംപിനു നിരോധം വന്നു. ഇതിനു പിന്നാലെയായിരുന്നു സ്വന്തം സോഷ്യൽ മീഡിയ തുടങ്ങുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ട്രൂത്ത് സോഷ്യലിനായി റംബിൾ ഓൺലൈനിൽ സ്ട്രീമിംഗ് വീഡിയോ കൈകാര്യം ചെയ്യും. ഇതിനു പുറമെ, ടി.എം.ടി.ജി+ എന്ന ഓൺ ഡിമാൻഡ് സബ്സ്ക്രിപ്ഷൻ വീഡിയോ സർവീസിനും സ്ഥാപനത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് മീഡിയ ഗ്രൂപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു.
ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ കമ്പനിയെ ഓഹരി വിപണിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കം യു.എസ് അധികൃതർ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. വളഞ്ഞ വഴിയിലൂടെ ഓഹരി വിപണിയിൽ പ്രവേശിക്കാനും മീഡിയാ ഗ്രൂപ്പിന്റെ ശ്രമം.
ട്വിറ്റർ പോലുള്ള സേവനങ്ങൾക്ക് എതിരാളിയാകുമെന്ന പ്രതീക്ഷയോടെ അടുത്ത വർഷം ആദ്യം ദേശീയതലത്തിൽ 'ട്രൂത്ത് സോഷ്യൽ' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കാനാണ് പദ്ധതി. വാൾസ്ട്രീറ്റിൽ ഇതിനകം ലിസ്റ്റുചെയ്തിട്ടുള്ള ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപ്പറേഷൻ ടി.എം.ടി.ജിയുമായി ലയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മുൻ പ്രസിഡന്റിന്റെ സംരംഭത്തിന് സാധാരണ നടപടിക്രമങ്ങളില്ലാതെ തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. മറ്റു കമ്പനികളുമായി ലയിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രം സ്ഥാപിതമായ കമ്പനിയാണ്
ഡിജിറ്റൽ വേൾഡ്. 'ബ്ലാങ്ക് ചെക്ക്' കമ്പനിയെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മറ്റൊരു സ്ഥാപനവുമായി ലയിപ്പിക്കുക എന്ന ഏക ലക്ഷ്യമുള്ളതിനാലാണ് ഈ പേരു വന്നത്.
തനിക്കും മറ്റ് യാഥാസ്ഥിതിക ശബ്ദങ്ങൾക്കുമെതിരെ പക്ഷപാതം കാണിക്കുന്ന സിലിക്കൺ വാലിയിലെ ഇന്റർനെറ്റ് കമ്പനികൾക്ക് ബദലായിരിക്കും തന്റെ പുതിയ പ്ലാറ്റ്ഫോമെന്നാണ് ട്രംപിന്റെ അവകാശവാദം.
2022 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാറ്റ്ഫോമിന് ആപ്പ് സ്റ്റോറിൽ പ്രീഓർഡർ ലഭ്യമാണ്.






