ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല കമ്പനിക്കെതിരെ ആറ് വനിതകൾ ലൈംഗികാതിക്രമത്തിന് പരാതി നൽകി. അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്ലാന്റിലും മറ്റു സംവിധാനങ്ങളിലും അനാവശ്യ സ്പർശനങ്ങളും ലൈംഗികാതിക്രമങ്ങളും നടക്കുന്നുവെന്നാണ് പരാതി. ഇതിനുപുറമെ പരാതിപ്പെട്ടവരോട് കമ്പനിയും മേലുദ്യോഗസ്ഥരും പ്രതികാര നടപടികളും സ്വീകരിക്കുന്നു. ലൈംഗിക പീഡന സംസ്കാരമാണ് കമ്പനിയിൽ തുടരുന്നതെന്നാണ് ആറ് സ്ത്രീകൾ ഫയൽ ചെയ്ത കേസുകളിൽ പറയുന്നത്.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഫ്രീമോണ്ട് ഫാക്ടറിയെ കേന്ദ്രീകരിച്ച് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ കേസ്. ഒരു മാസം മുമ്പാണ് കമ്പനിക്കെതിരെ രണ്ട് പരാതികൾ ഫയൽ ചെയ്തിരുന്നത്. വംശീയാധിക്ഷേപ കേസിൽ കറുത്ത വർഗക്കാരനായ മുൻ ജീവനക്കാരന് 137 ദശലക്ഷം ഡോളർ നഷ്ടപരിഹാരം വിധിച്ചിരുന്നു.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുടെ ഹൃദയഭാഗത്തുള്ള ടെസ്ലയുടെ ഫാക്ടറി പലതരത്തിലുള്ള പീഡനങ്ങൾ നടക്കുന്ന കേന്ദ്രമാണെന്നാണ് ഹരജികളിൽ പറയുന്നത്.
പുതിയ പരാതികളെക്കുറിച്ച് പ്രതികരിക്കാൻ ടെസ്ല വിസമ്മതിച്ചു. ട്വിറ്ററിൽ നൽകിയ പ്രതികരണത്തെ തുടർന്ന് ടെസ്ല സി.ഇ.ഒ എലോൺ മസ്ക് നേരത്തെ വിവാദത്തിലായിരുന്നു.
ഫ്രീമോണ്ട് ഫാക്ടറിയിൽ ജോലി ചെയ്യുന്ന അഞ്ച് സ്ത്രീകളും തെക്കൻ കാലിഫോർണിയയിലെ സേവന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുമാണ് കാലിഫോർണിയ കോടതിയിൽ ഫയൽ ചെയ്ത ആറ് പുതിയ കേസുകളിലെ ഹരജിക്കാർ.
ഫ്രീമോണ്ട് പ്ലാന്റിൽ ജോലി ആരംഭിച്ചപ്പോൾ 18 വയസ്സായിരുന്ന തന്നോട് മോശമായി പെരുമാറിയെന്ന് പരാതി നൽകിയ സ്ത്രീകളിൽ ഒരാളായ മിഖാല കുറാൻ പറയുന്നു. സൂപ്പർവൈസറും സഹപ്രവർത്തകരും മുഖത്തു നോക്കി ശരീര വർണന നടത്തി.
പ്ലാന്റിലെ ജീവനക്കാർ പലപ്പോഴും പാർക്കിംഗ് ലോട്ടിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്ന് പറഞ്ഞാണ് സഹപ്രവർത്തകൻ സെക്സിനു ക്ഷണിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആദ്യ ജോലിയിൽ പ്രവേശിച്ച് രണ്ടു മാസത്തിനുള്ളിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്നും അത് താങ്ങാൻ കഴിയാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്നും ടെസ്ലയിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നതായി ആരോപിക്കുന്ന ഹരജിയിൽ പറയുന്നു.
മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്തതിന് പ്രതികാര നടപടി നേരിടേണ്ടി വന്നതായി മിഖാല കുറാൻ പറഞ്ഞു. ജെസീക്ക ബ്രൂക്ക്സ്, സമീറ ഷെപ്പേർഡ്, ഈഡൻ മെഡെറോസ്, അലിസ് ബ്രൗൺ, അലിസ ബ്ലിക്മാൻ എന്നിവരാണ് മറ്റ് കേസുകൾ ഫയൽ ചെയ്തത്.
സൂപ്പർവൈസർമാരുടെ ലൈംഗിക ആവശ്യങ്ങളേയും പ്രണയത്തേയും എതിർക്കാത്ത സ്ത്രീകൾക്ക് നൽകിയിരുന്ന പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും തനിക്ക് നിഷേധിച്ചുവെന്ന് അലിസ ബ്ലിക്മാന്റെ പരാതിയിൽ പറയുന്നു.
ലൈംഗികതയോ മയക്കുമരുന്നോ പരാമർശിക്കുന്ന എലോൺ മസ്കിന്റെ ട്വീറ്റുകൾ സഹപ്രവർത്തകർക്കിടയിൽ ചിരിക്കും തമാശകൾക്കും വകയായെന്ന് ദക്ഷിണ കാലിഫോർണിയ ടെസ്ല സർവീസ് സെന്ററിൽ ജോലി ചെയ്തിരുന്ന മെഡെറോസ് പറഞ്ഞു.
ടെസ്ല പുതിയ കാർ മോഡൽ വൈ പുറത്തിറക്കിയപ്പോൾ, ടെസ്ല മോഡലുകളായ S, 3, x, y എന്നിവ ഒരുമിച്ച് വായിക്കുമ്പോൾ അത് സെക്സി എന്നായതായി എലോൺ മസക് ആവർത്തിച്ച് പറഞ്ഞിരുന്നതായി മെഡെറോസിന്റെ പരാതിയിൽ പറഞ്ഞു. ഇതിനുശേഷം സഹപ്രവർത്തകർ എല്ലാത്തിനേയും 'സെക്സി' എന്നാണ് വിളിച്ചിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഈ ഹരജികളിലെ ആശങ്കകൾ ശരിവെക്കുന്ന തരത്തിൽ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ് സ്ഥാപനത്തിലെ മുൻ എഞ്ചിനീയറായ വനിത ജോലിസ്ഥലത്തുണ്ടായ ലൈംഗിക ഉപദ്രവങ്ങൾ വിശദീകരിച്ച് നേരത്തെ വിശദമായ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
കമ്പനിയിലെ പുരുഷന്മാർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി, പുറത്തുപോകാൻ ക്ഷണിച്ചുകൊണ്ട് തുടർച്ചയായി സന്ദേശമയക്കുമായിരുന്നു. ഒരാൾ പുലർച്ചെ നാല് മണിക്കാണ് ഫോണിലേക്ക് വിളിച്ചത്. മറ്റൊരു സഹപ്രവർത്തകൻ വീട്ടിൽ വന്ന് സ്പർശിക്കാൻ ശ്രമിച്ചുവെന്നും പ്രൊഫഷണലായി തുടരാനുള്ള അഭ്യർഥന കേട്ടില്ലെന്നും ആഷ്ലി കൊസാക് എഴുതി.
അനുഭവിച്ച ലൈംഗിക പീഡനത്തിന്റെ ഓരോ സംഭവവും എച്ച്.ആറിൽ റിപ്പോർട്ട് ചെയ്തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറയുന്നു.






