ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ ബുറൈമാൻ ബലദിയ പരിധിയിൽ നിയമ വിരുദ്ധമായി സ്ഥാപിച്ച പതിമൂന്നു ഗോഡൗണുകളും വർക്ക് ഷോപ്പുകളും നഗരസഭ പൊളിച്ചുനീക്കി. ആകെ 24,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥാപിച്ച അനധികൃത സ്ഥാപനങ്ങൾ ബുൾഡോസറുകളും മറ്റും ഉപയോഗിച്ചാണ് നഗരസഭ പൊളിച്ചുനീക്കിയത്. കിഴക്കൻ ജിദ്ദയിലെ ബുറൈമാനിൽ നിയമ വിരുദ്ധമായ പത്തു വർക്ക് ഷോപ്പുകളും മൂന്നു ഗോഡൗണുകളുമാണ് കഴിഞ്ഞയാഴ്ച പൊളിച്ചുനീക്കിയതെന്ന് നഗരസഭ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, അസീർ നഗരസഭ കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികളും നഗരസഭാ വ്യവസ്ഥകളും ആരോഗ്യ വ്യവസ്ഥകളും പാലിക്കാത്തതുമായി ബന്ധപ്പെട്ട 5,844 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 48 സ്ഥാപനങ്ങൾ അടപ്പിച്ചു. കഴിഞ്ഞ മാസം അസീർ നഗരസഭ വ്യാപാര സ്ഥാപനങ്ങളിൽ ആകെ 12,863 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. മോശം ശുചീകരണ നിലവാരം, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, മുൻകരുതൽ നടപടികൾ പാലിക്കാതിരിക്കൽ, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയതെന്ന് അസീർ നഗരസഭ പറഞ്ഞു.






