ദുബയ്- യു.എ.ഇയിലെ സമ്പന്നരായ പ്രവാസികള്‍ക്കിടയില്‍ രണ്ടാമതൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് കൂടി നേടിയെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളും യു.എസും കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് പണം മുടക്കി താമസാവകാശം തരപ്പെടുത്താവുന്ന യുറോപ്യന്‍, കരീബിയന്‍ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് കൂടി കൈവശപ്പെടുത്തുന്ന പ്രവണത കൂടിയതെന്ന് ദുബയ് ആസ്ഥാനമായ സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റ് എന്ന സ്ഥാപനം പറയുന്നു.
യു.എ.ഇയിലുള്ള സിറിയ, ലെബനോന്‍, ഇറാഖ്, ഫലസ്തീന്‍ എന്നീ രാജ്യക്കാരാണ് ഇവരിലേറെയും. സഞ്ചാര സ്വാതന്ത്ര്യം, നികുതി ഇളവുകള്‍, സുരക്ഷ എന്നീ ഘടങ്ങളാണ് സൈപ്രസ്, മാള്‍ട്ട, കരീബിയന്‍ നാടുകള്‍ തുടങ്ങിയ കൊച്ചു രാജ്യങ്ങളുടെ പാസ്പോര്‍ട്ടു കൂടി സ്വന്തമാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള നിക്ഷേപകര്‍ കൂടുതലായും പൗരത്വം നേടുന്നത് സെയ്ന്റ് കിറ്റ്സ് ആന്റ് നേവിസ്, കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക, ആന്റിഗ്വ ആന്റ് ബര്‍ബുഡ, ഗ്രാനഡ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലാണ്. വന്‍ തുക മുടക്കിയാല്‍ ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ വേഗത്തില്‍ നേടിയെടുക്കാം. യു.എ.ഇ വിട്ട് അവിടേക്കു താമസം മാറുക പോലൂം വേണ്ടതില്ല. നിക്ഷേപകര്‍ക്ക് നിയമപരമായി തന്നെ താമസാവകാശം ആറു മാസത്തിനകം ലഭിക്കുകയും ചെയ്യും. ഇതിനു മുടക്കേണ്ടത് 3.60 ലക്ഷം ദിര്‍ഹം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെയാണ്.
ഇങ്ങനെ വന്‍ തുക മുടക്കി രണ്ടാം പാസ്പോര്‍്ട്ട് വാങ്ങുന്ന സിറിയക്കാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയുണ്ടായി. ലബനീസ് പൗരന്മാരുടെ എണ്ണം 17 ശതമാനമായും ഇറാഖികളുടെ എണ്ണം 10 ശതമാനമായും ഫലസ്തീനികളുടെ എണ്ണം ഒമ്പത് ശതമാനമായും വര്‍ധിച്ചു.
ഇത്തരത്തില്‍ പുതിയ പൗരത്വം നേടിയെടുക്കുന്നവരില്‍ 57 ശതമാനവും കുടുംബങ്ങളാണെന്ന് വിദേശ പൗരത്വം നേടിയെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനമായ സിറ്റിസണ്‍ ഇന്‍വെസ്റ്റ് പറയുന്നു. കുടുംബ സുരക്ഷയും ബിസിനസ് താല്‍പര്യങ്ങളുമാണ് ഇവരെ കൂടുതലായും ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് സിറ്റിസണ്‍ ഇന്‍വെസ്റ്റ് മേധാവി വെറോണിക്ക കോട്ഡെമി പറയുന്നു.
വന്‍ നിക്ഷേപങ്ങള്‍ക്കു പകരം ഈ കൊച്ചു രാജ്യങ്ങള്‍ നല്‍കുന്ന പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനിലേതടക്കം നിരവധി രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന ഗുണവുമുണ്ട്. സൈപ്രസില്‍ ആഡംബര റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 20 ലക്ഷം യൂറോയുടെ നിക്ഷേപമിറക്കിയാല്‍ ആ രാജ്യം ആറു മാസത്തിനകം ഒരു യൂറോപ്യന്‍ പാസ്പോര്‍ട്ട് നല്‍കും. ഇവിടേക്ക് താമസം മാറേണ്ടതില്ല. ഈ പാസ്പോര്‍്ട്ട് ഉപയോഗിച്ച് 145 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. യൂറോപ്പിലെവിടേയും ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യാം.
കരീബിയന്‍ രാജ്യമായ ഗ്രാനഡയുടെ നാഷണല്‍ ട്രാന്‍സ്ഫൊമേഷന്‍ ഫണ്ടിലേക്ക് രണ്ടു ലക്ഷം യുഎസ് ഡോളര്‍ സംഭാവനയായി നല്‍കിയാല്‍ ആ രാജ്യത്തിന്റെ പാസ്പോര്‍ട്ട് ലഭിക്കും. ഇതുപയോഗിച്ച് യു.എസിലും താമസിക്കാം. ചൈനയില്‍ ബിസിനസ് താല്‍പര്യമുള്ളവര്‍ക്കും ഇതേറെ ഗുണം ചെയ്യും. ചൈന, ബ്രിട്ടണ്‍ അടക്കം 120 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം.






