ഗാന്ധി വധത്തിലെ ഗൂഢാലോചന: തെളിവുകള്‍ യു.എസ് ലൈബ്രറിയിലുണ്ടെന്ന് വാദം

ന്യൂദല്‍ഹി- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രീം കോടതിയില്‍ വിവാദ വെളിപ്പെടുത്തല്‍. ഗാന്ധിയുടെ വധത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന  വ്യക്തമാക്കുന്ന രേഖകള്‍ അമേരിക്കന്‍ ലൈബ്രറിയിലുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ അത് ഹരജിയോടൊപ്പം സമര്‍പ്പിക്കണമായിരുന്നുവെന്ന് സുപ്രീം കോടതി മറുപടി നല്‍കി.

അഭിനവ് ഭാരത് ട്രസ്റ്റി ഡോ. പങ്കജ് ഫഡ്നിസ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്. അമേരിക്കന്‍ പാര്‍ലമെന്റിനകത്തെ ലൈബ്രറിയില്‍നിന്നാണ് രേഖകള്‍ തനിക്ക് ലഭിച്ചതെന്ന് പങ്കജ് വാദിച്ചു. ഗാന്ധിയുടെ മൃതദേഹത്തിലെ ഫോറന്‍സിക് തെളിവുകള്‍ കൂടി പരിശോധിക്കണമായിരുന്നുവെന്ന് അമേരിക്കന്‍ അറ്റോര്‍ണി തന്നോട് പറഞ്ഞതായും ഡോ.പങ്കജ് വാദിച്ചു. 

ആകര്‍ഷകമായി തോന്നുന്ന ഇക്കാര്യം പരിശോധിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ കോടതിയില്‍ അവിടുത്തെ ഒരു അറ്റോര്‍ണി സമര്‍പ്പിച്ച സത്യാവങ്മൂലവും ഹരജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഇപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്ന് പറഞ്ഞ കോടതി കേസ് പുനരന്വേഷിക്കണമോയെന്ന് തീരുമാനിച്ച ശേഷം ഇക്കാരം പരിഗണിക്കാമെന്നും വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍നിന്നാണ് താന്‍ വരുന്നതെന്നും പാര്‍ലമെന്റ് ലൈബ്രറിയില്‍നിന്ന് ലഭിച്ച രേഖകള്‍ തന്റെ പക്കലുണ്ടെന്നും ഡോ പങ്കജ് വ്യക്തമാക്കി. 

Latest News