ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകള്‍ക്കിടെ പാക്കിസ്ഥാന്‍ വ്യോമപാത ഉപയോഗിച്ചതിന് ഇന്ത്യ നല്‍കേണ്ടത് 2.86 ലക്ഷം രൂപ. തുക വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനു നല്‍കും. ഇതില്‍ 1.49 ലക്ഷം രൂപയുടെ ബില്‍ മോഡിയുടെ 2015-ലെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിന്റെതാണ്.
കമ്മഡോര്‍ (റിട്ട.) ലോകേഷ് ബത്രയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച രേഖകളിലാണ് ഈ വിവരങ്ങള്‍. 2014 മുതല്‍ 2016 ജൂണ്‍ വരെയുള്ള മോഡിയുടെ യാത്രകളില്‍ പാക് വ്യോമപാത ഉപയോഗിച്ചതിനാണ് ബില്‍. റഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലാണ് പാക്കിസ്ഥാന്റ വ്യോമപാത വ്യോമസേനാ വിമാനം ഉപയോഗിച്ചത്. വ്യോമസേനയുടെ വിമാനം ഉപയോഗിച്ച് മോഡി 11 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും രേഖകളില്‍ പറയുന്നു.
നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് മോഡി വ്യോമസേനാ വിമാനത്തില്‍ സന്ദര്‍ശനം നടത്തിയത്. റഷ്യയും അഫ്ഗാനിസ്ഥാനും സന്ദര്‍ശിച്ച് മടങ്ങവേ പാക്കസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അഭ്യര്‍ഥനപ്രകാരമാണ് 2015 ഡിസംബര്‍ 25-ന് മോഡി ലഹോറിലിറങ്ങിയത്. ഇതിനാണ് 1.49 ലക്ഷം രൂപയുടെ ബില്‍ പാക്കിസ്ഥാന്‍ നല്‍കിയതെന്ന് അവിടത്തെ ഇന്ത്യന്‍ സ്ഥാനപതി നല്‍കിയ രേഖകളില്‍ പറയുന്നു. ലഹോറിലെ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ ബോയിങ് 737 വിമാനത്തിലാണ് മോഡി ഇറങ്ങിയിരുന്നത്.






