കോട്ടയം - പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീടു വിട്ടിറങ്ങിയ യുവതിയെ വൈകുന്നേരം പോലീസ് പിടികൂടി. കോട്ടയം മണര്‍കാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ഉണ്ടായത്. പുലര്‍ച്ചെയാണ് ഭര്‍ത്താവ് സിജുവിനെ ഇവര്‍ വീട്ടിനുള്ളില്‍ വച്ച് വെട്ടിക്കൊന്ന ശേഷം ആറു വയസ്സുള്ള മകനുമായി വീടുവിട്ടത്.
ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)വാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഏകമകനൊപ്പം വീട് വിട്ടിറങ്ങുകയായിരുന്നു. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ നഗരം വിട്ടിട്ടില്ലെന്നു മനസിലാക്കി.
പയ്യപ്പാടി വാഴച്ചിറയിലുള്ള വിട്ടിലായിരുന്നു സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നുവെന്നും അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന റോസന്നയെ സിജു വിവാഹം കഴിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ട സിജു. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്ന് ആരെയും കാണാതിരുന്നപ്പോള്‍ അയല്‍ക്കാര്‍ നടത്തിയ തെരച്ചിലിലാണ് സിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് റോസന്നയെ തിരയുകയായിരുന്നു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിനിടെ ഇവര്‍ കോട്ടയം ടൗണില്‍ എത്തിയതായി പോലീസിന് വിവരം കിട്ടിയ എന്നാല്‍ ഇവിടെ നിന്നും റോസന്നയെ കണ്ടെത്താനായില്ല.ഇതിനുപിന്നാലെ വൈകുന്നേരം ലഭിച്ച വിവരപ്രകാരം മണര്‍കാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.വൈകാതെ ഇവരെ ചോദ്യം ചെയ്തശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവിടെ ഒപ്പമുണ്ടായിരുന്ന മകനെ ബന്ധുക്കള്‍ക്കൊപ്പം വിടുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. വൈകാതെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇവരുടെ മനോനില പരിശോധിക്കും.
സമീപ ദിവസങ്ങളില്‍ സിജിയും റോസന്നയും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ കാര്യങ്ങളില്‍ വ്യക്തത വരും. ഓട്ടോഡ്രൈവറായ സിജി ഉറങ്ങുന്നതിനിടയില്‍ റോസന്ന അക്രമിക്കുകയായിരുന്നു.






