പാലക്കാട്- വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേപ്പാളയം സുബ്രഹ്മണ്യന്റെ മകന്‍ ശിവനാണ്(40) ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനോദിന്(25) വേണ്ടി പോലീസ് അന്വേഷണമാരംഭിച്ചു.
തലക്കും കാലിനും വെട്ടേറ്റ ശിവന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ കയറി ആര്‍.എസ്.എസ് സംഘം നടത്തിയ ആക്രമണത്തിനിടയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാനസാക്ഷിയാണ് ശിവന്‍. ആ കേസില്‍ കോടതിവിധി വരാനിരിക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ നിര്‍ണ്ണായക സാക്ഷിമൊഴിയുടെ പേരിലാണ് ശിവന്‍ ആക്രമിക്കപ്പെട്ടത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം സംഘ്പരിവാര്‍ ഇത് നിഷേധിച്ചു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിനു പിന്നില്‍ എന്നാണ് ബി.െജ.പിയുടേയും ആര്‍.എസ്.എസിന്റേയും വിശദീകരണം.
രാവിലെ ഏഴേ മുക്കാലോടെയാണ് ശിവനെതിരേ ആക്രമണമുണ്ടായത്. കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശിവനെ വിനോദ് ആക്രമിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ് യുവാവ്.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ വീടിനു മുന്നില്‍ കോഴിയെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അറസ്റ്റിലായ വിനോദിന് ഈയിടെയാണ് ആ കേസില്‍ ജാമ്യം ലഭിച്ചത്. കൊലപാതകശ്രമത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരേ അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍.വിശ്വനാഥ് ഉള്‍പ്പെെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.






