തിരുവനന്തപുരം- കേരള സർക്കാരിന്റെ കെ റെയിൽ പദ്ധതി റിയൽ എസ്റ്റേറ്റ് വ്യാപാരം ലക്ഷ്യമിട്ടുള്ള ഗൂഢ പദ്ധതിയാണെന്ന രൂക്ഷവിമർശനവുമായി പ്രാഥമിക സാദ്ധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ്മ. പദ്ധതിയുടെ രൂപരേഖ വെറും കെട്ടുകഥയാണെന്നും വേണ്ടത്ര പഠനങ്ങൾ നടത്താതെയാണ് അത് തയ്യാറാക്കിയിരിക്കുന്നതെന്നും പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അലോക് വർമ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പദ്ധതി രൂപരേഖയിൽ പ്രളയ, ഭൂകമ്പ സാദ്ധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് എന്നിവയൊന്നും ഉൾപ്പെടുത്തിയട്ടില്ലെന്നും കെ റെയിലിന്റെ ബദൽ അലൈൻമെന്റിനെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്ക് സ്റ്റാൻഡേർഡ് ഗേജ് മതിയോ ബ്രോഡ്ഗേജ് വേണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് റെയിൽവേയാണ്. നിലവിൽ റെയിൽവേയ്ക്ക് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണ്. സംസ്ഥാനത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായി മുമ്പ് ഡി.എം.ആർ.സി തയ്യാറാക്കി നൽകിയ പദ്ധതിയുടെ റിപ്പോർട്ട് കോപ്പിയടിച്ചാണ് കെ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






