വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ ചിത്രം; ലജ്ജ എന്തിനെന്ന് ഹൈക്കോടതി, ഹരജിക്കാരന് വിമര്‍ശം

കൊച്ചി-  കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ കേരള ഹൈക്കോടതി വീണ്ടും വിമര്‍ശനമുന്നയിച്ചു. എന്തിനാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വെക്കുന്നതില്‍ ലജ്ജിക്കുന്നതെന്നു കോടതി ഹരജിക്കാരനോട് ആരാഞ്ഞു. മോഡി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി എന്നത് രാജ്യത്തിന്റെ അധികാരിയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. 100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹരജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഹരജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നേതാക്കളുടെ പേരില്‍ രാജ്യത്ത് സര്‍വകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടികാട്ടി.
കഴിഞ്ഞ മാസം ആദ്യവും വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പീറ്റര്‍ മ്യാലിപറമ്പില്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.  നോട്ടില്‍ നിന്ന് മഹാത്മ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയുന്നതു പോലെയാണിതെന്നു കോടതി മുമ്പ് വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
മോഡിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ പതിക്കുന്നതിനു നിയമപരമായ സാധുതയില്ലെന്നു ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

 

Latest News