ഇരിട്ടി- രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസി വാട്ടര്‍ ടാങ്കിന് മുകളില്‍നിന്നു വീണ് മരിച്ചു. കുണ്ടുമാങ്ങോട്ടെ അറയ്ക്കല്‍ മാത്യുവിന്റെ മകന്‍ കുര്യന്‍(51)ആണ് മരിച്ചത്. വീടിനോടുചേര്‍ന്ന വിറകുപുരയുടെ മുകളില്‍ കയറി ടാങ്കില്‍ വെള്ളമുണ്ടോയെന്നു നോക്കുന്നതിനിടെ വിറകുപുരയുടെ ഷീറ്റില്‍ കാല്‍ തെന്നി താഴെവീഴുകയായിരുന്നു. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖത്തറില്‍ ജോലി ചെയ്യുന്ന കുര്യന്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജനുവരി ഒന്നിന് തിരിച്ചുപോകാനിരിക്കെയാണ് അപകടം.
പരേതയായ ത്രേസ്യാമ്മയാണ് അമ്മ. ഭാര്യ ലിസി കീഴ്പള്ളി (കോഴിയോട് ഓണാട്ട് കുടുംബാംഗം). മക്കള്‍ ജോബി, ജോമോള്‍, അനാലിയ. സഹോദരങ്ങള്‍ തങ്കച്ചന്‍(തിരുവനന്തപുരം), മാത്തുക്കുട്ടി, എ.എം.തോമസ് (ആറളം ഗ്രാമപഞ്ചായത്ത് മുന്‍ മെംബര്‍), ആന്‍സി, ജെസി.






