അബുദാബി- ഇസ്രായില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ച ശേഷം ആദ്യമായി യു.എ.ഇ സന്ദര്‍ശിക്കുന്ന ജൂത രാഷ്ട്രത്തിന്റെ പ്രഥമ നേതാവായി നഫ്താലി ബെന്നറ്റ്.
ഞായറാഴ്ച വൈകി യു.എ.ഇ തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി കിരീടാവകാശിയെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചതായി ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.
ഇസ്രായിലുമായി നയതന്ത്രബന്ധം വേണ്ടെന്ന നയം തുടരുന്ന അറബ് രാജ്യങ്ങളില്‍ യു.എ.ഇ ഒരു വര്‍ഷം മുമ്പാണ് അബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ യു.എസ് മാധ്യസ്ഥത്തില്‍ ഇസ്രായിലുമായി ബന്ധം സ്ഥാപിച്ചത്.
തങ്ങളുടെ മുഖ്യ ശത്രുവായ ഇറാനുമായി ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ചര്‍ച്ച നടത്തുന്നതിനെതിരെ ഇസ്രായില്‍ നയതന്ത്ര നീക്കം നടത്തുന്നതിനിടെയാണ് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. മേഖലയിലെ പുതിയ യാഥാര്‍ഥ്യമാണ് ബെന്നറ്റിന്റെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
പ്രദേശം പുതിയ യാഥാര്‍ഥ്യത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും നമ്മുടെ കുട്ടികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിനോട് പറഞ്ഞു.
ഉഭയകക്ഷി വ്യാപാരത്തിന്റെ തോത് ഏതാനും മാസങ്ങള്‍ക്കിടെ വര്‍ധിച്ചുവെന്നും അത് വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ധാരാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയെപ്പോലെ ഇസ്രായിലും വ്യാപാരത്തിന്റെ പ്രാദേശിക കേന്ദ്രമാണ്. സഹകരണം ഇരുരാജ്യങ്ങള്‍ക്ക് മാത്രമല്ല, കൂടുതല്‍ രാജ്യങ്ങള്‍ക്കും അഭൂതപൂര്‍വമായ സാമ്പത്തിക അവസരങ്ങള്‍ തുറക്കും.
ബെന്നറ്റ് തന്റെ സന്ദര്‍ശന വേളയില്‍ യു.എ.ഇയുടെ സാങ്കേതിക, ഗതാഗത മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.
ബെന്നറ്റ് യുഎഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണെങ്കിലും വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് ജൂണില്‍ യു.എ.ഇയിലെത്തിയിരുന്നു. അബുദാബിയില്‍ എംബസിയും ദുബായില്‍ കോണ്‍സുലേറ്റും തുറന്ന ശേഷമായിരുന്നു വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
ജൂലൈയിലാണ് യുഎഇ തെല്‍ അവീവില്‍ എംബസി ആരംഭിച്ചത്.






