ബംഗളൂരു- കര്‍ണാടകയിലെ ബെലഗാവിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അത്രികിച്ച് കയറി പുരോഹിതനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വെട്ടു കത്തിയുമായി പള്ളിയിലേക്ക് എത്തിയ അക്രമി പുരോഹിതനെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പള്ളിയുടെ ചുമതലയുള്ള ഫാദര്‍ ഫ്രാന്‍സിസ് ഡിസൂസയെ അക്രമി വെട്ടുകത്തിയുമായി പിന്തുടരുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.
ആയുധധാരിയായ അക്രമി കുറച്ചുനേരം പുരോഹിതനെ പിന്തുടര്‍ന്നു. പിന്നീട് ഇയാള്‍ പള്ളിയില്‍ നിന്നും സ്വയം ഇറങ്ങിപ്പോവുകയായിരുന്നു. കര്‍ണാടക നിയമസഭയടെ ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് ബെലഗാവിയിലെ ഈ സംഭവം. പ്രതിപക്ഷവും ക്രിസ്ത്യന്‍ സംഘടനകളും എതിര്‍ത്ത മതപരിവര്‍ത്തനത്തിനെതിരായ ബില്‍ ഈ സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ഞായറാഴ്ച നടന്ന സംഭവത്തെ കുറിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് പള്ളിയില്‍ സുരക്ഷ ഏര്‍പ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.






