തിരുവനന്തപുരം- പോത്തന്‍കോട്ട് യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. കണിയാപുരം സ്വദേശിയും ഓട്ടോ െ്രെഡവറുമായ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്(22)മൊട്ട നിധീഷ്(24)എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് റൂറല്‍ എസ്.പി. പി.കെ.മധു പറഞ്ഞു.
കൊല്ലപ്പെട്ടയാളും പ്രതികളും പല ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണം. ജില്ലയിലെ ഡിവൈ.എസ്.പി.മാര്‍, എ.സി.പി. തുടങ്ങിയവര്‍ പലസംഘങ്ങളായാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പലരും നിരീക്ഷണത്തിലാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി പലരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. അക്രമിസംഘത്തില്‍ പത്തു പേരുണ്ടെന്നാണ് വിവരം. ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ട സുധീഷും പ്രതികളും ഉള്‍പ്പെട്ട ഒരു കേസുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. പ്രതികള്‍ ബോംബ് ഉപയോഗിച്ചതായി ഇതുവരെ വ്യക്തമല്ലെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അതിനിടെ, സുധീഷിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓട്ടോയും ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ രഞ്ജിത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവത്തിന് ശേഷം ഓട്ടോയുമായി വഞ്ചിയൂരിലെ ഭാര്യവീട്ടിലെത്തിയ ഇയാളെ ഓട്ടോയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തിയതിന് ശേഷം എല്ലാവരും പലവഴിക്കായി പോയെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. കൊലപാതകത്തിന് മുമ്പ് രഞ്ജിത്ത് ഓട്ടോയില്‍നിന്ന് വാളും ആയുധങ്ങളും പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് റോഡില്‍ വലിച്ചെറിഞ്ഞയാളെയും തിരിച്ചറിഞ്ഞു. സുധീഷ് എന്ന ഉണ്ണിയാണ് ബൈക്കില്‍നിന്ന് കാല് റോഡിലേക്ക് വലിച്ചെറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ബൈക്കുകളിലും ഓട്ടോയിലും എത്തിയ സംഘം വെട്ടിക്കൊന്നത്. അക്രമിസംഘത്തില്‍നിന്ന് രക്ഷപ്പെടാനായി ഒരുവീട്ടില്‍ ഓടിക്കയറിയ സുധീഷിനെ പിന്തുടര്ന്നെത്തിയ സംഘം ശരീരമാസകലം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ ഇരുകാലുകളും വെട്ടിമാറ്റി. ഇതിലൊരു കാലുമായാണ് അക്രമികള്‍ വാഹനങ്ങളില്‍ മടങ്ങിയത്. വെട്ടിമാറ്റിയ കാല് പിന്നീട് റോഡില്‍ വലിച്ചെറിയുകയായിരുന്നു.






