മംഗളൂരു- ഭാര്യയെയും രണ്ട് മക്കളെയും വിഷം നല്കി കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ ഇവര്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടുടമയായ സ്ത്രീയെ അറസ്റ്റ്ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് മംഗളൂരു ബിജയിലെ നൂര്‍ജഹാനെ (50) അറസ്റ്റ് ചെയ്തു.
മോര്ഗന് നഗറിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കള്‍ സപ്ന (എട്ട്), സമര്‍ഥ് (നാല്) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ ശ്വാസംമുട്ടിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും കൊലപ്പെടുത്തിയ ശേഷം നാഗേഷ് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ കാരണം നൂര്ജഹനാണെന്ന് എ.എസ്.ഐ ചന്ദ്രശേഖറിന് അയച്ച വോയിസ് സന്ദേശത്തില്‍ നാഗേഷ് പറഞ്ഞിരുന്നു.
വിവാഹ ബ്രോക്കറായ നൂര്‍ജഹാന്റെ വീട്ടില്‍ വിജയലക്ഷ്മി വീട്ടുജോലി ചെയ്തിരുന്നു. വിജയലക്ഷ്മിയെ മതപരിവര്‍ത്തനം നടത്താന്‍ നൂര്ജഹാന് ശ്രമിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.
ഭര്‍ത്താവിനോട് വഴക്കിട്ടിരുന്ന വിജയലക്ഷ്മിയെ നാഗേഷില്‍നിന്ന്
വിവാഹമോചനം നേടാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി അഭിഭാഷകനെയും ഏര്‍പ്പാട് ചെയ്തു. പുനര്‍വിവാഹം നടത്തിത്തരാമെന്നും നൂര്ജഹാന് വിജയലക്ഷ്മിക്ക് ഉറപ്പുനല്‍കി. മക്കളെയും മതപരിവര്‍ത്തനം നടത്താന്‍ ഇവര്‍ നിര്‍ബന്ധിച്ചതായും കമ്മിഷണര്‍ വ്യക്തമാക്കി. നൂര്‍ജഹാന്റെ വീട്ടില്‍നിന്ന് വിജയലക്ഷ്മിയുടെ ഫോട്ടോ പോലീസ് കണ്ടെത്തിയിരുന്നു.
നാഗേഷുമായി വിജയലക്ഷ്മി വഴക്കിടുന്നത് ശ്രദ്ധയില്‍പ്പെട്ട നൂര്ജഹാന് വിവാഹമോചനം, പുനര്‍വിവാഹം എന്നീ കാര്യങ്ങള്‍ വിജയലക്ഷ്മിയുമായി ചര്‍ച്ചചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിജയലക്ഷ്മി നൂര്‍ജഹാന്റെ വീട്ടിലാണ് കുറച്ചുകാലം താമസിച്ചത്. വിജയലക്ഷ്മി തന്നെ ഒഴിവാക്കുമെന്നും മതം മാറുമെന്നും ഭയന്നാണ് നാഗേഷ് കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു.






