കുവൈത്ത് സിറ്റി- പൊതുമേഖലയില്‍നിന്ന് വിദേശികളെ തുടച്ചുനീക്കാനൊരുങ്ങി കുവൈത്ത്. 2022 നകം പൊതു മേഖലാ സ്ഥാപനങ്ങൡ സ്വദേശിവല്‍ക്കരണം പൂര്‍ത്തീകരിക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലികളില്‍നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് തുടക്കം കുറിച്ചത്.
5 വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. കാലപരിധി അടുത്ത വര്‍ഷം അവസാനിക്കുമെന്നതിനാല്‍ തീരുമാനം പൂര്‍ത്തീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്വദേശിവത്കരണ പദ്ധതി ആവിഷ്‌കരിച്ചത്.
വിദേശികളായ ചിലരുടെ സേവനം തുടരുന്നതിന് അനുമതി തേടി ചില സ്ഥാപനങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇളവില്ലെന്നും 2022നകം പദ്ധതി പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.