മയക്കുമരുന്നു നല്‍കി കൂട്ടബലാല്‍സംഗം: പ്രതിയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

കൊച്ചി- മയക്കുമരുന്ന് നല്‍കി മലപ്പുറം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യ പ്രതി അജ്മലുമായി തെളിവെടുപ്പ് നടത്തി. പീഡനം നടന്ന ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലുള്ള ലോഡ്ജിലെത്തിച്ചാണ് തെളിവെടുത്തത്.
ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് താമസിക്കാന്‍ നല്‍കിയിരുന്ന മുറിയും അതിന് തൊട്ടടുത്ത് തന്നെ പ്രതികള്‍ വാടകക്ക് എടുത്തിരുന്ന മറ്റൊരു മുറിയിലും അജ്മലിനെ എത്തിച്ചു. യുവതിയുടെ മുറിയില്‍ വച്ചായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ചയായിരുന്നു ചാവക്കാട്ടെ ബന്ധുവീട്ടില്‍ നിന്ന് അജ്മലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ലോഡ്ജില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുത്തത്. തൃക്കാക്കര അസി. കമ്മീഷണര്‍ പി.വി ബേബിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പിന്നീട് കോവിഡ് പരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ സലീം കുമാറിനെയാണ് പോലീസ് ആദ്യം അറസ്റ്റു ചെയ്തത്. ഒളിവില്‍ കഴിയുന്ന ഷെമീര്‍, ലോഡ്ജ് ഉടമ കിസ്റ്റീന എന്നിവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.

 

 

Latest News