ഒരുപിടി പ്രത്യേകതകളുമായാണ് ഖത്തർ എന്ന ചെറുരാജ്യം ലോക കപ്പിന് വേദിയൊരുക്കുന്നത്. ഒരു ഏഷ്യൻ രാജ്യം സ്വന്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോക കപ്പ്, നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ആദ്യ ലോക കപ്പ്, ചുട്ട് പൊള്ളുന്ന മരുഭൂമിയിലെ കാലാവസ്ഥയിലും കളിക്കാനുള്ള സൗകര്യമൊരുക്കുന്ന ശീതീകരണ സംവിധാനങ്ങൾ. ഇത് വരെ കഴിഞ്ഞ ലോക കപ്പുകളിൽ സ്‌റ്റേഡിയങ്ങൾക്കിടയിൽ ആയിരം കിലോമീറ്റർ വരെ ദൂരമുണ്ടായപ്പോൾ 70 കിലോമീറ്റർ ദൂരത്തിനുള്ളിൽ എട്ടു സ്‌റ്റേഡിയങ്ങൾ തയ്യാറാക്കി വിസ്മയിപ്പിക്കുകയാണ് ഖത്തർ. ലോക കപ്പ് സ്‌റ്റേഡിയങ്ങളെ കുറിച്ച്...
ലുസൈൽ ഐകോണിക്ക് സ്‌റ്റേഡിയം
ഖത്തറിന്റെ ഭാവിനഗരമായി കരുതുന്ന ലുസൈലിന്റെ തിലകക്കുറിയാണ് 80,000 പേർക്ക് ഇരിപ്പിടമൊരുക്കിയ ലോക കപ്പ് ഫൈനൽവേദി കൂടിയായ ലുസൈൽ ഐകോണിക്ക് എന്ന കൂറ്റൻ സ്‌റ്റേഡിയം. രൂപഭംഗിയിലും നിർമാണ സാങ്കേതികത്വത്തിലും വലിയ അത്ഭുതമാണ് ദോഹയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ഈ കളിമുറ്റം. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കും വിധത്തിലാണ് സ്‌റ്റേഡിയത്തിന്റെ നിർമാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനർ റാന്തൽവിളക്കും മധുരസ്മരണകളുയർത്തുന്ന അതിന്റെ നേർത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച് വിസ്മയിപ്പിക്കുന്ന രീതിയിലാണ് സ്‌റ്റേഡിയത്തിന്റെ നിർമാണം. ലോക കപ്പ് മത്സരങ്ങൾക്ക് ശേഷം 20,000 ഇരിപ്പിടങ്ങളാക്കി ചുരുക്കി സ്‌റ്റേഡിയത്തിന്റെ അതേ രൂപഭംഗി നിലനിർത്തി കമ്യുണിറ്റി ഹബ്ബും ഹെൽത്ത് ക്ലിനിക്കും മറ്റുമായി തുടരും.
അൽജനൂബ് സ്‌റ്റേഡിയം
ലോക കപ്പ് ആതിഥേയരായ ഖത്തറിന്റെ നിർമാണ വിസ്മയങ്ങളിൽ ഒന്നാണ് അൽ വഖ്‌റയിലെ അൽ ജനൂബ് സ്‌റ്റേഡിയം. പുരാതനകാലം മുതലേ അറബ് ജീവിതത്തിന്റെ ഭാഗമായ പായ്ക്കപ്പലിന്റെ രൂപഭംഗി ഒരു പന്ത്കളി മൈതാനത്തിലേക്ക് കൊത്തിയെടുത്ത അത്ഭുതപ്പെടുത്തുന്ന നിർമാണവൈഭവം. 2019 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട അൽ ജനൂബ് സ്‌റ്റേഡിയത്തിൽ കാണികളെ കാത്ത് 40,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അൽതുമാമ സ്‌റ്റേഡിയം
അറബ് യുവത ധരിക്കുന്ന ഗഫിയ എന്ന തലപ്പാവിന്റെ മാതൃകയിൽ നിർമിച്ച മൈതാനം. കണ്ടു മടുത്ത പതിവ് രീതികളിൽ നിന്ന് ഫുട്‌ബോൾ ആരാധകരെയും സംഘാടകരെയും വിസ്മയിപ്പിച്ച ഈ നിർമാണരീതിക്ക് പിന്നിൽ ഖത്തർ ആർക്കിടെക്ടായ ഇബ്രാഹിം എം ജെയ്ദയുടെ ഭാവനയായിരുന്നു. ഒക്ടോബർ 22 ന് നടന്ന അമീർ കപ്പ് ഫൈനലോടെയാണ് 40,000 ഇരിപ്പിടങ്ങളുള്ള അൽ തുമാമ സ്‌റ്റേഡിയം തുറന്നത്.
എജുക്കേഷൻ സിറ്റി സ്‌റ്റേഡിയം
രൂപഭംഗി കൊണ്ട് മരുഭൂമിയിലെ വജ്രം എന്നാണ് എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിന്റെ വിളിപ്പേര്. ഡയമണ്ടിന്റെ മാതൃകയിലാണ് മൈതാനത്തിന്റെ ഡിസൈൻ. 40,000 ഇരിപ്പിടങ്ങളുള്ള സ്‌റ്റേഡിയം ലോക കപ്പ് മത്സരങ്ങൾക്ക് ശേഷം 20,000 സീറ്റുകളാക്കി ചുരുക്കും.
അൽബെയ്ത് സ്‌റ്റേഡിയം
വിശാലമായ മരുഭൂമിയിൽ വലിച്ചു കെട്ടിയ ടെന്റിന്റെ ആകൃതിയിലാണ് അൽ ബെയ്ത് സ്‌റ്റേഡിയം പണി കഴിപ്പിച്ചിരിക്കുന്നത്. സഞ്ചാരികളായ അറബികൾ താമസിക്കുന്ന ടെന്റുകൾ പോലെയാണ് ദോഹയിൽ നിന്നും 48 കിലോമീറ്റർ ദൂരെയുള്ള ഈ മൈതാനം പണി കഴിപ്പിച്ചിരിക്കുന്നത്. 60,000ൽ പരം കസേരകളുള്ള ഈ സ്‌റ്റേഡിയത്തിൽ തന്നെയാണ് ലോക കപ്പിന്റെ ഉദ്ഘാടന മത്സരവും നടക്കുന്നത്.
റാസ് അബു അബൂദ് സ്‌റ്റേഡിയം
ഒരു എഞ്ചിനീയറിംഗ് വിസ്മയം എന്ന് വിശേഷിപ്പിക്കാം ഈ സ്‌റ്റേഡിയത്തെ. ഷിപ്പിങ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് ഈ കളിമുറ്റത്തിന്റെ നിർമാണം. 40,000 ഇരിപ്പിടങ്ങൾ ഒരുക്കിയ ഈ മൈതാനം ലോക കപ്പ് മത്സരങ്ങൾക്ക് ശേഷം പൂർണ്ണമായും പൊളിച്ചു നീക്കും. 1930 മുതലുള്ള ലോക കപ്പ് ചരിത്രത്തിൽ പൂർണ്ണമായും പൊളിച്ചുനീക്കുന്ന ഒരു വേദി എന്ന പ്രത്യേകത റാസ് അബു അബൂദ് സ്‌റ്റേഡിയത്തിന് മാത്രമാവും.
അഹമ്മദ് ബിൻ അലി സ്‌റ്റേഡിയം
ഖത്തർ ആഭ്യന്തര ലീഗിലെ വമ്പന്മാരായ അൽ റയ്യാൻ എഫ് സി യുടെ ഹോം ഗ്രൗണ്ടാണ് ഈ സ്‌റ്റേഡിയം. ലോക കപ്പിനായി കൂടുതൽ മോടിയോടെ പുതുക്കി മികവുറ്റ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2020 ലെ അമീർ കപ്പ് ഫൈനലോടെ തുറന്ന ഈ സ്‌റ്റേഡിയം വീണ്ടും വലിയ പോരാട്ടങ്ങൾക്കായി കാത്തിരിക്കുന്നു.
ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയം
ഖത്തറിന്റെ ഇത് വരെയുള്ള കായികപാരമ്പര്യമെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട് ഇവിടെ. പാൻ അറബ് ഗെയിം, ഏഷ്യാകപ്പ് ഫുട്‌ബോൾ, ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ്, ഫിഫ ക്ലബ് ലോക കപ്പ് തുടങ്ങിയ വലിയ മത്സരങ്ങളുടെ ആരവങ്ങൾ ഇവിടുത്തെ കാറ്റിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്. 1976 ൽ നിർമാണം കഴിഞ്ഞ ഈ സ്‌റ്റേഡിയത്തിൽ ലോക കപ്പിനായി 40,000 ഇരിപ്പിടങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.