ലഖ്‌നൗ- രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഡിസംബര്‍ എട്ടിന് ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച എല്ലാ ധീരപോരാളികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപുരില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണ്. അദ്ദേഹം ധീരനായിരുന്നു. രാജ്യത്തിന്റെ സായുധസേനയെ സ്വയംപര്യാപ്തമാക്കുന്നതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചതിന് രാജ്യം സാക്ഷ്യം വഹിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ദുഃഖിക്കുകയാണ്. വേദനയുണ്ടെങ്കിലും നാം നമ്മുടെ ചുവടുവെപ്പോ വികസനമോ നിര്‍ത്തില്ല. ഇന്ത്യ നിശ്ചലമാവുകയില്ല. ഇന്ത്യക്കാര്‍ ഒരുമിച്ച് കഠിനമായി പരിശ്രമിക്കുകയും രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള സകല വെല്ലുവിളികളെയും നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബല്‍റാംപുരിലെത്തിയ പ്രധാനമന്ത്രി സരയൂ കനാല്‍ നാഷണല്‍ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഏകദേശം 29 ലക്ഷം കര്‍ഷകര്‍ക്ക് ജലസേചനത്തിന് സഹായമാകുന്ന പദ്ധതിയാണിത്. 14 ലക്ഷത്തിലധികം ഹെക്ടര്‍ ഭൂമിയിലേക്ക് ജലമെത്തിക്കും. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.






