കൊച്ചി- ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി എന്ന ചിത്രം 24 ന് ഒ ടി ടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുന്നു. എം ടാക്കി എന്ന പുതിയ പ്ലാറ്റ്‌ഫോഫോമിലാണ് റിലീസ്. എം ടാക്കിയുടെ സിനിമയുടെ റിലീസിന്റെയും പ്രഖ്യാപനം കൊച്ചിയില്‍ നടന്നു. കോവിഡിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായി റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ പിന്നീട് പല കാരണങ്ങളാല്‍ റിലീസിംഗ് മുടങ്ങുകയായിരുന്നു.
സാധാരണ മലയാള സിനിമയില്‍ നിന്ന് വ്യത്യസ്തമായ ഒരു നറേറ്റീവ് ആണ് ഈ സിനിമക്കുള്ളതെന്നും രഞ്ജി പണിക്കര്‍ തന്ന ആത്മവിശ്വാസമാണ് സിനിമ യാഥാര്‍ഥ്യമാക്കിയതെന്നും രാജീവ്കുമാര്‍ പറഞ്ഞു.ചിത്രത്തിലെ ഗാനം ആലപിച്ച മധുശ്രീക്ക് സംസ്ഥാന അവാര്‍ഡും ഗാനരചന നിര്‍വഹിച്ച പ്രഭാവര്‍മക്ക് ദേശീയ അവാര്‍ഡും ലഭിച്ചു. ചലച്ചിത്ര മേളകളില്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു.
നിത്യാമേനോന്‍ നായികയാകുന്ന സിനിമയില്‍ ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, സിജോ വര്‍ഗീസ്, രോഹിണി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സൗണ്ട് എഡിറ്റിംഗ് റസൂല്‍ പൂക്കുട്ടിയും കലാസംവിധാനം സാബു സിറിളും രവിവര്‍മന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഭാഷാപോഷിണിയില്‍ ജോലി ചെയ്യുന്ന വേണുഗോപാലാണ് തിരക്കഥ. നിര്‍മാതാവ് രൂപേഷ് ഓമന. സംഗീതസംവിധായകന്‍ രമേഷ് നാരായണന്‍ , മധുശ്രീ, നടി ഗൗരി നന്ദ, രഞ്ജി പണിക്കര്‍, അരിസ്റ്റോ സുരേഷ്, ബാദുഷ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.