Sorry, you need to enable JavaScript to visit this website.

ലാലേട്ടന്‍ വീണ്ടും  തേങ്കുറിശ്ശിയിലേക്ക്

ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' മൂന്നാം ഷെഡ്യൂളിലേക്ക്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍
പങ്കുവെച്ചതാണ് ഈ വിവരം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയുള്ള ഒടിയന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.  


'ഒടിയന്‍ മൂന്നാം ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്നു. മാണിക്യന്റെ തിളയ്ക്കുന്ന യൗവ്വനകാലം അവതരിപ്പിക്കുവാന്‍ ലാലേട്ടന്‍ വീണ്ടും തേങ്കുറിശ്ശിയില്‍ എത്തുന്നു. ഇനി 60 നാള്‍ നീണ്ടു നില്‍ക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാര്യരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേന്‍, കൈലാഷ് എന്നിവരും. പ്രാര്‍ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നല്‍കി തുടര്‍ന്നും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നു.' ശ്രീകുമാറിന്റെ കുറിപ്പില്‍ പറഞ്ഞു. 
അജോയ് വര്‍മ്മയുടെ 'നീരാളി' എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുന്ന മോഹന്‍ലാല്‍ മാര്‍ച്ചില്‍ 'ഒടിയ'ന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ എത്തും. പല കാലങ്ങളിലായി മാണിക്യന്റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പല പ്രായത്തിലും  എത്തുന്നു എന്നതാണ് ഒടിയന്റെ പ്രത്യേകത. 'ഇരുവര്‍' എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. 
മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒടിയന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേങ്കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്.
ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഒടിയന്റെ തിരക്കഥ-ഹരികൃഷ്ണന്‍, ക്യാമറ- ഷാജി, സംഗീതം- എം.ജയചന്ദ്രന്‍, കലാസംവിധാനം- പ്രശാന്ത് മാധവ്. 


 

Latest News