ഇന്ത്യയില്‍ 42 ഭാഷകള്‍ ഇല്ലാതാകുന്നു; സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളിലായി 42 ഇന്ത്യന്‍ ഭാഷകള്‍ ഇല്ലാതാകുന്നുവെന്ന് ഔദ്യോഗിക കണക്ക്. ഇവ സംസാരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ഈ ഭാഷകളെ നാമവശേഷമാക്കാന്‍ കാരണമെന്ന് സെന്‍സസ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. 
ഒരു ലക്ഷത്തിലേറെ ആളുകള്‍ സംസാരിക്കുന്ന, ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതും അല്ലാത്തതുമടക്കം നൂറോളം ഭാഷകളും ഇന്ത്യയിലുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരിക്കുന്നത് 31 ഭാഷകളെയാണ്.  എന്നാല്‍ നാശത്തിന്റെ വക്കിലെത്തിയ 42 ഭാഷകള്‍ സംസാരിക്കുന്നവര്‍ പതിനായിരത്തില്‍ താഴെ മാത്രമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ഭാഷകള്‍ നാമവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് യുനെസ്‌കോയും വ്യക്തമാക്കിയിട്ടുണ്ട്.

ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ജറാവ, ലമോങ്സെ, ഗ്രേറ്റ് ആന്റമനീസ്, ലുറോ, മുവോത്, ഓങെ, പു, സാനെന്യോ, സെന്റിലെസെ, ഷോംപെന്‍, തകഹന്യിലാങ എന്നീ 11 ഭാഷകളും മണിപ്പൂരിലെ ഐമോള്‍, അക, കൊയിരന്‍, ലംഗാങ്, ലാങ്റോങ്, പുരും, തരാവോ എന്നീ ഏഴ് ഭാഷകളും ഹിമാചല്‍ പ്രദേശിലെ ബഗതി, ഹന്ദുരി, പങ്വാലി, സിര്‍മോദി എന്നീ ഭാഷകളും ഒഡീഷയിലെ മന്‍ഡ, പര്‍ജി, പെങോ, കര്‍ണാടകയിലെ കൊറഗ, കുറുബ, ആന്ധ്ര പ്രദേശിലെ ഗഡാബ, നായ്കി, തമിഴനാട്ടിലെ കോട്ട, ടോഡ, അരുണാചല്‍ പ്രദേശിലെ മ്ര, ന, അസമിലെ തായ് നോറ, തായ് റോങ്, ഉത്തരാഖണ്ഡിലെ ബംഗാനി, ജാര്‍ഖണ്ഡിലെ ബിറോര്‍, മഹാരാഷ്ട്രയിലെ നിഹാലി, മേഘാലയയിലെ റുഗ, പശ്ചിമ ബംഗാളിലെ ടോട്ടോ എന്നീ ഭാഷകളുമാണ് ഈ പട്ടികയിലുള്ളത്.

കേന്ദ്ര സഹായത്തോടെ മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് അപകടത്തിലായ ഈ ഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പലാക്കി വരുന്നുണ്ട്. ഈ ഭാഷകളിലുള്ള നിഘണ്ടു തയാറാക്കുക, ദ്വിഭാഷാ നിഘണ്ടു, പ്രാഥമിക ഭാഷാപഠന പുസ്തകങ്ങള്‍ തയാറാക്കുക, നാടോടി കഥകള്‍ സമാഹരിക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 


 

Latest News