കൊച്ചി- പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം 'കടുവ'യ്ക്ക് തിരിച്ചടി. എറണാകുളം ജില്ലാ സബ് കോടതി 'കടുവ'യുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞു. സിനിമ റിലീസ് ചെയ്താല്‍ തനിക്കും കൂടുംബത്തിനും അപകീര്‍ത്തിയുണ്ടാവും എന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേല്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി..
ഹരജിയില്‍ തീര്‍പ്പാവുന്നത് വരെ 'കടുവ' സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തന്റെ ജീവചരിത്രമാണെന്നും അത് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹരജിക്കാരന്റെ വാദം.
സിനിമക്കാധാരമായ ജിനു വി എബ്രഹാമിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും 'കടുവ' പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. കേസ് വീണ്ടും ഈ മാസം 14നു പരിഗണിക്കും.
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിച്ച ചിത്രം ഷാജി കൈലാസിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ്.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.