Sorry, you need to enable JavaScript to visit this website.

കോൺഗ്രസിലെ അമ്മായി സിൻഡ്രോം

അധികാരവും സ്ഥാനങ്ങളും കൈയിലുണ്ടായിരുന്നപ്പോൾ ഗ്രൂപ്പ് വളർത്താനും സിൽബന്ധികൾക്കും പാർശ്വവർത്തികൾക്കും സ്ഥാനമാനങ്ങൾ നൽകാൻ മാത്രം ശ്രദ്ധിക്കുകയും പാർട്ടിയുടെയും അതിനെ സ്‌നേഹിക്കുന്ന സാധാരണ പ്രവർത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും താൽപര്യങ്ങൾക്ക് ഒരു വിലയും കൽപിക്കാതിരിക്കുകയും ചെയ്തിരുന്നവരാണ് രണ്ട് നേതാക്കളും. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും ചെയ്ത സേവനങ്ങൾ വിസ്മരിക്കാൻ ആർക്കുമാവില്ല. എന്നാൽ ഈ രണ്ടു പേരും വരുത്തിവെച്ച ചീത്തപ്പേരും അത് കോൺഗ്രസിനും പ്രവർത്തകർക്കും ഉണ്ടാക്കിയ അപമാനവും അത്ര ചെറുതുമല്ല.


മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്നത് മലയാളത്തിൽ വളരെ പഴക്കമുള്ളൊരു ചൊല്ലാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ആദ്യം ഓർമ വരുന്നതും ഈ പഴഞ്ചൊല്ല് തന്നെ. ഇത്ര കാലവും കോൺഗ്രസിനെക്കൊണ്ട് കിട്ടാവുന്ന സ്ഥാനങ്ങളെല്ലാം നേടുകയും അനുഭവിക്കുകയും ചെയ്ത മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ നടത്തുന്ന ഒളിയുദ്ധം കാണുമ്പോൾ കോൺഗ്രസ് നശിച്ചാലും കുഴപ്പമില്ല, തങ്ങൾക്കും സിൽബന്ധികൾക്കും സ്ഥാനങ്ങൾ കിട്ടിയാൽ മതിയെന്ന താൽപര്യമേ അവർക്കുള്ളൂ എന്നു തോന്നും.


വർഷങ്ങളോളം കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കൈപ്പിടിക്കുള്ളിലാക്കി നയിച്ചിരുന്നവരാണ് ഈ രണ്ട് നേതാക്കളും. അക്കാലത്ത് ഗ്രൂപ്പ് പോരിന്റെ ഭാഗമായി രണ്ട് പേരും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം നിരന്തര പോരാട്ടത്തിലുമായിരുന്നു. ആ രണ്ട് പേരും ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായിരിക്കുന്നു എന്നതാണ് ഏറ്റവും രസകരം. തമ്മിലടിച്ചും കലഹിച്ചും പാർട്ടിയെ പരമാവധി കുളം തോണ്ടിയ നേതാക്കളാണ് ഇപ്പോൾ കോൺഗ്രസിനെ കേരളത്തിൽ മുച്ചൂടും മുടിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇവർക്കു പുറമെ കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനുമൊക്കെ കേവലം കൊതിക്കെറുവ് കൊണ്ടു മാത്രം ഇപ്പോഴത്തെ നേതൃത്വത്തെ തോണ്ടുകയും മാന്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.


സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടി പുനഃസംഘടന നടത്തരുതെന്നാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആവശ്യം. ഇപ്പോഴത്തെ നേതൃത്വം തങ്ങൾ പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് മറ്റൊരു പരാതി. രാഷ്ട്രീയകാര്യ സമിതി കൂടുന്നില്ല, പ്രവർത്തകരുടെ താൽപര്യം മാനിക്കുന്നില്ല... തുടങ്ങി ആവലാതികൾ വേറെ. എല്ലാം ചേർത്ത് ഹൈക്കമാൻഡിന് ഇരു നേതാക്കളും പരാതി നൽകി. പാർട്ടി നേതൃയോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന ഇരുവരും ഒടുവിൽ യു.ഡി.എഫ് മുന്നണി ഏകോപന സമിതി യോഗവും ബഹിഷ്‌കരിച്ചു. ഇവരുടെ പരാതികൾക്കും ബഹിഷ്‌കരണങ്ങൾക്കുമെതിരെ ഹൈക്കമാൻഡിന് പരാതി നൽകിക്കൊണ്ടാണ് ഔദ്യോഗികപക്ഷം തിരിച്ചടിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പരിശ്രമത്തെ മുതിർന്ന നേതാക്കൾ പിന്നോട്ടു വലിക്കുന്നു എന്ന് അവർ പരാതിപ്പെട്ടു. 


അധികാരവും സ്ഥാനങ്ങളും കൈയിലുണ്ടായിരുന്നപ്പോൾ ഗ്രൂപ്പ് വളർത്താനും സിൽബന്ധികൾക്കും പാർശ്വവർത്തികൾക്കും സ്ഥാനമാനങ്ങൾ നൽകാൻ മാത്രം ശ്രദ്ധിക്കുകയും പാർട്ടിയുടെയും അതിനെ സ്‌നേഹിക്കുന്ന സാധാരണ പ്രവർത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും താൽപര്യങ്ങൾക്ക് ഒരു വിലയും കൽപിക്കാതിരിക്കുകയും ചെയ്തിരുന്നവരാണ് രണ്ട് നേതാക്കളും. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും ചെയ്ത സേവനങ്ങൾ വിസ്മരിക്കാൻ ആർക്കുമാവില്ല. എന്നാൽ ഈ രണ്ടു പേരും വരുത്തിവെച്ച ചീത്തപ്പേരും അത് കോൺഗ്രസിനും പ്രവർത്തകർക്കും ഉണ്ടാക്കിയ അപമാനവും അത്ര ചെറുതുമല്ല.


കേരളം കണ്ട ഏറ്റവും ദീനാനുകമ്പയുള്ള മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളുടെ ചെറിയ ചെറിയ പ്രശ്‌നങ്ങൾക്കു പോലും വലിയ പ്രാധാന്യം നൽകുകയും അത് സത്വരമായി പരിഹരിക്കുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുകയും ചെയ്യുന്ന ജനകീയ നേതാവാണദ്ദേഹം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ സംസ്ഥാനത്ത് നിരവധി മഹത്തായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പക്ഷേ ഈ നേട്ടങ്ങളുടെയെല്ലാം ശോഭ കെടുത്തുന്നതായിരുന്നു അദ്ദേഹം ചെന്നുപെട്ട സോളാർ വിവാദവും സരിത ഉന്നയിച്ച അപവാദ ആരോപണങ്ങളും. വാസ്തവത്തിൽ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി എന്തെങ്കിലും തെറ്റു ചെയ്തുവെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും കരുതുന്നില്ല. പക്ഷേ തന്റെ ഭാഗം വിശ്വാസയോഗ്യമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ജാഗ്രതക്കുറവ് ഒന്നുകൊണ്ട് മാത്രമാണ് സ്വന്തം വ്യക്തിത്വത്തിനും കോൺഗ്രസിന്റെ സൽപേരിനും വലിയ കളങ്കം സംഭവിച്ചത്. സി.പി.എമ്മും ഇടതുമുന്നണിയും ആവർത്തിച്ചുകൊണ്ടേയിരുന്ന അപമാനകരമായ അധിക്ഷേപങ്ങൾക്ക് മറുപടി നൽകാനാവാതെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും നാവിറങ്ങി നിന്നതിന് കാരണക്കാരൻ ഉമ്മൻ ചാണ്ടി മാത്രമാണ്. ഇന്നും ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കോൺഗ്രസുകാരെ ഇരുത്താൻ സി.പി.എം പയറ്റുന്ന ആയുധം സരിതയുടെ ആക്ഷേപങ്ങളാണ്.


രമേശ് ചെന്നിത്തലയാവട്ടെ, എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പിൻബലത്തിൽ മന്ത്രിക്കസേര ഒപ്പിച്ചുവെന്ന ആക്ഷേപമാണ് കേൾപ്പിച്ചത്. ഇത് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ പിന്തുടരും. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിന്റെ ഏറ്റവും വൃത്തികെട്ട എപ്പിസോഡായിരുന്നു അത്. ഉമ്മൻ ചാണ്ടിയെ വെട്ടാനും തനിക്ക് മന്ത്രിസ്ഥാനം കിട്ടാനും വേണ്ടി സുകുമാരൻ നായരെക്കൊണ്ട് താക്കോൽ സ്ഥാന വിവാദം ചെന്നിത്തല ഉണ്ടാക്കുമെന്ന് അദ്ദേഹത്തിനൊപ്പം നിന്നവർ പോലും കരുതിയിട്ടുണ്ടാവില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിളങ്ങിയപ്പോഴും രമേശ് ചെന്നിത്തലക്ക് പാർട്ടി പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും വേണ്ടത്ര സ്വീകാര്യത കിട്ടാതിരിക്കാൻ കാരണം മേൽപറഞ്ഞ കളങ്കമാണ്.


ഇങ്ങനെ തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള ദ്രോഹങ്ങൾ കോൺഗ്രസിന് രണ്ട് നേതാക്കളും വരുത്തിവെച്ചതുകൊണ്ടാണ് തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഇരുവരെയും മാറ്റി പുതിയൊരു നേതൃത്വത്തിന് പാർട്ടിയുടെ സംസ്ഥാനത്തെ ചുമതല നൽകാൻ അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചത്. പാർട്ടിക്ക് കേരളത്തിൽ ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ഉമ്മൻ ചാണ്ടിയും രമേശും നേതൃത്വത്തിൽനിന്ന് മാറിനിൽക്കണമെന്നത് പ്രവർത്തകരുടെ കൂടി ആഗ്രഹമായിരുന്നു. പുതുതായി ചുമതല ലഭിച്ച കെ. സുധാകരനും വി.ഡി. സതീശനും കോൺഗ്രസിനെ താഴെ തട്ടുമുതൽ പുനരുജ്ജീവിപ്പിക്കുന്നതിലും പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പൊരുതുന്നതിലും മികച്ച പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതും. ഇവരുടെ പ്രവർത്തനം പാർട്ടി അണികൾക്കും അനുഭാവികൾക്കും ആവേശം പകരുന്നതാണ്. കാറ്റിന്റെ ഗതി മനസ്സിലാക്കി ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഒപ്പമുണ്ടായിരുന്നവർ ഇപ്പോൾ ഔദ്യോഗിക നേതൃത്വത്തിനൊപ്പം ചേരുകയാണ്. ഈ യാഥാർഥ്യങ്ങളൊന്നും കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ ഈ നേതാക്കൾ ഇപ്പോൾ നടത്തുന്ന അമ്മായിപ്പോര് പാർട്ടിയെ വീണ്ടും നിർജീവമാക്കാനും പ്രവർത്തകരെ നിരാശരാക്കാനും മാത്രമേ ഉപകരിക്കൂ. ഇത്രയും കാലം തങ്ങൾക്ക് എല്ലാ നേട്ടങ്ങളും ഒരുക്കിത്തന്ന കോൺഗ്രസിനോട് അൽപമങ്കിലും സ്‌നേഹമുണ്ടെങ്കിൽ ഇത്തരം കുത്സിത പ്രവൃത്തികളിൽനിന്ന് ഇരു നേതാക്കളും വിട്ടുനിൽക്കുന്നതാണ് നല്ലത്.
 

Latest News