ന്യൂദല്‍ഹി- കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധയുടെ സാഹചര്യത്തില്‍ രാജ്യത്തെ പൊതുജനാരോഗ്യ പ്രതികരണ സംവിധാനങ്ങള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വിലയിരുത്തി. പ്രതിരോധ കുത്തിവെപ്പ് വിതരണ പുരോഗതിയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍, എ.എച്ച്.എം എംഡിമാര്‍ എന്നിവരുമായാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ രോഗികളെ തിരിച്ചറിഞ്ഞു വേഗം തന്നെ ഐസൊലേറ്റ് ചെയ്യാനും മറ്റു ചികിത്സകള്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചു. രോഗബാധ സംശയിക്കുന്നവരെ വേഗം തന്നെ തിരിച്ചറിയുന്നതിനായി നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
എല്ലാ ജില്ലകളിലും ആര് ടി പി സി ആര് പരിശോധന സൗകര്യം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വ്യാപനം തുടരുന്ന റിസ്ക് രാജ്യങ്ങളില്‍നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാരെ നെഗറ്റീവ് ആയാലും രോഗ ലക്ഷണങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി ജില്ലാ അടിസ്ഥാനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണം.
ശൈത്യകാലം അടുത്ത പശ്ചാത്തലത്തില്‍ ജലദോഷത്തിനു സമാനമായതും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അതീവ പ്രാധാന്യത്തോടെ നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും യോഗം നിര്‍ദ്ദേശം നല്കി.






