Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

40 വര്‍ഷം കുടുംബത്തിനായി വിയര്‍പ്പൊഴുക്കിയ  പ്രവാസി  മരിച്ചപ്പോള്‍ സംഭവിച്ചത്...

അജ്മാന്‍-നീണ്ട നാല് പതിറ്റാണ്ട് മണലാരണ്യത്തില്‍ കുടുംബത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയ പ്രവാസി, മരിച്ചപ്പോള്‍ കുടുംബത്തിന് പോലും വേണ്ടാതാവുന്ന ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ അഷറഫ് താമരശേരി. അജ്മാനില്‍ വെച്ച് മരിച്ച പാലക്കാട് സ്വദേശിയായ രവിയുടെ പ്രവാസകാലത്തെ കുറിച്ചാണ് ഇദ്ദേഹത്തിന്റെ കുറിപ്പ്. എണ്‍പത് കാലഘട്ടങ്ങളില്‍ പ്രവാസ ജീവിതം തുടങ്ങിയതാണ് രവി. കഴിഞ്ഞ 40 വര്‍ഷമായി അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു ഇദ്ദേഹം. അഞ്ച് സഹോദരിമാരുടെ വിവാഹം, സ്വന്തമായി ഒരു വീട് അങ്ങനെ നിലയ്ക്കാത്ത ഉത്തരവാദിത്വങ്ങളോരാന്നായി നിറവേറ്റിയ രവി സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നു. അവിവാഹിതനായ രവി സഹോദരിമാരുടെ വിവാഹങ്ങള്‍ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങള്‍ക്കും സഹായങ്ങളെത്തിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം മരണപ്പെട്ടപ്പോള്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും ബന്ധുക്കള്‍ താല്‍പര്യം കാണിച്ചില്ലെന്ന് അഷറഫ് താമരശേരിയുടെ കുറിപ്പില്‍ പറയുന്നു.

അഷറഫ് താമരശേരിയുടെ കുറിപ്പ്

ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോള്‍ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വര്‍ഷമായി അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. എണ്‍പത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരില്‍ ഏക ആങ്ങള, ഒരു വലിയ കുടുംബത്തിന്റെ ഏക പ്രതീക്ഷ. സ്വന്തമായി ഒരു കിടപ്പാടം, സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍, അതൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ വര്‍ഷങ്ങള്‍ പോയി, സ്വന്തം ജീവിതവും മറന്നു.
സഹോദരിമാരുടെ വിവാഹങ്ങള്‍ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങള്‍ക്കും രവിയേട്ടന്‍ ഉണ്ടായിരുന്നു. എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാപേരോടും പെരുമാറുന്ന രവിയേട്ടന്റെ ഉളളില്‍ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു. അത് ആര്‍ക്കും മനസ്സിലാക്കാന്‍ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാന്‍ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു. ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടന്‍ ഒരു കട്ടന്‍ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റുമിലുളളവര്‍ വന്ന് വിളിച്ചപ്പോള്‍ രവി എഴുന്നേറ്റില്ല. എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാള്‍ പോയി. ആര്‍ക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോള്‍ എങ്ങനെയായിരുന്നു മരണമെന്നും, കോവിഡോ മറ്റും ആണെങ്കില്‍ അവിടെ തന്നെ അടക്കം ചെയ്യുവാന്‍ പറഞ്ഞു. മറ്റ് ചിലര്‍ക്ക് അറിയേണ്ടത് 40 വര്‍ഷത്തെ സര്‍വ്വീസില്‍ കിട്ടുന്ന പൈസയുടെ നോമിനി ആരാണെന്നും, അവരെ  ഒന്ന് വിവരമറിയിക്കുവാനും എന്നോട് അവശ്യപ്പെട്ടു. അതൊക്കെ പിന്നെത്തെ കാര്യമാണെന്നും, മരിക്കുമ്പോള്‍ നാട്ടില്‍ തന്നെ സംസ്‌കരിക്കണമെന്നതാണ് രവിയേട്ടന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ അവര്‍ സമ്മതിക്കുകയായാരുന്നു.
ഒരു സിനിമാ കഥ പോലെ വായിക്കുന്നവര്‍ക്ക് തോന്നുകയാണെങ്കില്‍ ഇത് തികച്ചും യാഥാര്‍ത്ഥ്യമാണ്. ഈ വര്‍ത്തമാന കാലഘട്ടത്തില്‍ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുക. സ്വാര്‍ത്ഥത വെടിയുക. ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാന്‍ പഠിക്കുക. കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേയും തേടി എത്തുന്ന ഒരേയൊരു അതിഥി, അത് മരണമാണ്.
 

Latest News