ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം; ഇത് രണ്ടാം തവണ

കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലെ കുനൂരില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണെന്ന് സൈന്യം അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ വരുണ്‍ സിങിനെ കുനൂരിലെ വെല്ലിങ്ടണിലുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ആകാശ ദുരന്തത്തില്‍ നിന്ന് വരുണ്‍ സിങ് രക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തേജസ് പോര്‍വിമാനം പറത്തുന്നതിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടും വിമാനം സുരക്ഷിതമായി നിലത്തിറക്കി ധീരതകാട്ടിയ വരുണ്‍ സിങിനെ രാജ്യം ശൗര്യ ചക്ര ബഹുമതി നല്‍കി ആദരിച്ചിരുന്നു. 

ഇപ്പോള്‍ വെല്ലിങ്ടണിലെ ആശുപത്രിയിലുള്ള വരുണ്‍ സിങിനെ വേണ്ടി വന്നാല്‍ കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു മാറ്റാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വ്യോമ സേന സമ്മതിച്ചാലെ കോയമ്പത്തൂരിലേക്ക് മാറ്റൂ. 

ഊട്ടിക്കടുത്ത വെല്ലിങ്ടണിലെ സൈനിക കോളെജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെയാണ് റഷ്യന്‍ നിര്‍മിത സൈനിക കോപ്റ്ററായ മി-17വി5 തകര്‍ന്ന് വീണ് ജനറല്‍ വിപിന്‍ റാവത്ത് (63) അടക്കം 11 പേര്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്. ലാന്‍ഡ് ചെയ്യാനായി താഴ്ന്ന് പറക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറയുന്നു.
 

Latest News