കൊച്ചി- കലൂരില്‍ ഭര്‍തൃവീട്ടുകാരും ബന്ധുക്കളും വീട്ടില്‍നിന്ന് പുറത്താക്കിയ യുവതിയെ കാക്കനാടുള്ള സഖിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ലീഗല്‍ സര്‍വീസസ് സബ് ജഡ്ജിയും വനിതാ ശിശു സംരക്ഷണ സമിതി അംഗങ്ങളും വനിതാകമ്മീഷന്‍ അംഗങ്ങളും സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയതിനു ശേഷം ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കും. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
കായംകുളം സ്വദേശിനിയായ പെണ്‍കുട്ടി പഠനത്തിന് ശേഷം ജോലിക്കായി കൊച്ചിയിലെത്തിയതാണ്.സഹപ്രവര്‍ത്തകനായ യുവാവുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായി. ഇതോടെ പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത് ജീവിതപങ്കാളിയാക്കാന്‍ യുവാവ് സന്നദ്ധനായി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം നടന്നത്. തുടര്‍ന്ന് ആലുവ എടത്തലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടില്‍ ശാരീരിക പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വര്‍ണവും തട്ടിയെടുത്തു. പെണ്‍കുട്ടിയുടെ പേരില്‍ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടര്‍ന്ന് ആരോഗ്യം മോശമായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സെപ്റ്റംബര്‍ 23-ന് വാടകവീട്ടില്‍നിന്ന് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് കലൂര്‍ ബാങ്ക് റോഡിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോന്നു. എന്നാല്‍ ഭര്‍തൃവീട്ടില്‍ നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. മൂന്ന് മാസം ഗര്‍ഭിണി ആയിരുന്ന തനിക്ക് ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചു. ഭര്‍തൃപിതാവില്‍ നിന്ന് അടിവയറ്റില്‍ ചവിട്ട് കിട്ടിയതിനെ തുടര്‍ന്നാണ് ഗര്‍ഭഛിദ്രം സംഭവിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസം ഭര്‍ത്താവായ, കലൂര്‍ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടില്‍ ഓസ്വിന്‍ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഭര്‍ത്താവും വീട്ടുകാരും കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് പെരുവഴിയിലായ യുവതി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിക്ക് ജോലിക്കുപോകാനുള്ള ആരോഗ്യസ്ഥിതിയില്ല, കൈയില്‍ പണമില്ല, കൃത്യമായി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി.






