ഫെബ്രുവരിയിലെ മൂന്നാം തരംഗത്തിന് തയാറെടുക്കുന്ന കേന്ദ്ര സർക്കാർ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പോർച്ചുഗൽ മാതൃകയിൽ ചട്ടം രൂപീകരിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്.
ലോകജനതയുടെ ജീവിത രീതി മാറ്റിമറിച്ച കോവിഡ്19 എന്ന പേരിലറിയപ്പെടുന്ന കൊറോണ വൈറസ് ചൈനയിൽ പിറന്നു വീണത് 2019 ഡിസംബറിൽ. അധികം വൈകാതെ കേരളത്തിലും സൗദിയിലും മറ്റും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു. മാസങ്ങൾ നീളുന്ന അടച്ചിടലും നമുക്ക് ശീലമായി. മുമ്പൊക്കെ കേന്ദ്ര സർക്കാരിനെതിരെ ഒരു നാൾ ബന്ദ് ആഘോഷം നടത്തുമ്പോൾ ഇതെപ്പഴാണ് ഒന്ന് തീർന്നു കിട്ടുകയെന്ന് കരുതിയിരുന്ന മനുഷ്യർ മാസങ്ങളോളം വീട്ടിലിരിക്കാനും പരുവപ്പെട്ടു കഴിഞ്ഞു. കോവിഡ് തരംഗങ്ങളുടെ ഒരു പ്രത്യേകത ഇതാ വിട വാങ്ങുകയായി എന്നു വിളംബരം ചെയ്ത ശേഷമായിരിക്കും കൂടുതൽ ശക്തിയോടെ അടുത്ത തരംഗം ആഞ്ഞു വീശാൻ. മൂന്ന് വയസ്സിലേക്ക് കടന്ന കൊറോണ എത്ര കാലം നമുക്കൊപ്പമുണ്ടാവുമെന്ന് ആർക്കും തീർത്തു പറയാനാവില്ല. ഡെൽറ്റ ഒരു വിധം പണ്ടാരടങ്ങിയപ്പോഴതാ മനുഷ്യ കുലത്തിന്റെ സമാധാനം കെടുത്താൻ ഒമിക്രോൺ ആവിർഭവിച്ചിരിക്കുന്നു. യൂറോപ്പിലെ ചില സമ്പന്ന രാജ്യങ്ങളിൽ അടുത്തിടെ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചിരുന്നു. ഇതിന്റെ കാരണം അന്വേഷിക്കുന്നതിന് പകരം പുതിയ വകഭേദത്തെ കുറിച്ച് ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കയെ പഴിചാരാനാണ് എല്ലാവർക്കും താൽപര്യം. യൂറോപ്പിലെ രാജ്യങ്ങൾ തിരിച്ചറിയാതെ പോയത് ദക്ഷിണാഫ്രിക്ക മനസ്സിലാക്കിയതാവാനാണ് സാധ്യത. എന്നാലും പാവങ്ങളുടെ മേക്കിട്ട് കയറാനാണ് എല്ലാവർക്കും ഇഷ്ടം. ജോഹന്നസ്ബർഗ് അന്ത്രാരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ മത്സരിക്കുകയായിരുന്നു രാജ്യങ്ങൾ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ റിപ്പോർട്ട് ചെയ്തത് ഓസ്‌ട്രേലിയയിലെ വലിയ നഗരമായ സിഡ്‌നിയിലാണ്. ഭയപ്പെട്ടത് പോലെ അല്ലാതെ നിസ്സാര പകർച്ചപ്പനിയായി ഒമിക്രോൺ കടന്നു പോകാനാണ് സാധ്യതയെന്ന് വിശ്വസിക്കുന്ന ശുഭാപ്തി വിശ്വാസക്കാരാണ് ഏറെയും.
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ടെന്ന് ഐ.ഐ.ടി ഗവേഷകർ വ്യക്തമാക്കി. മൂന്നാം തരംഗം കോവിഡ് രണ്ടാം തരംഗത്തിന്റെ അത്രയും ഗുരുതരമാകില്ലെന്നും ഗവേഷകർ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഒമിക്രോൺ വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. ഡെൽറ്റ വകഭേദം പോലെ ഒമിക്രോൺ അത്ര മാരകമാകില്ലെന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഒമിക്രോൺ വ്യാപനം രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയില്ലെന്നും ഐ.ഐ.ടി ശാസ്ത്രജ്ഞനായ മനീന്ദ്ര അഗർവാൾ പറയുന്നു.
എന്നാൽ ബ്രിട്ടൻ വകഭേദത്തെ ഗൗരവമായെടുത്തിട്ടുണ്ട്. അവിടെ ഏറ്റവും വലിയ ഉത്സവ സീസണായ ക്രിസ്മസ് ആഘോഷങ്ങളുടെ തയാറെടുപ്പുകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാണ് പുതിയ വകഭേദത്തിന്റെ വ്യാപനം. ഒമിക്രോൺ സമൂഹ വ്യാപനം തുടങ്ങിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി സാജിദ് ജാവീദ് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ അന്താരാഷ്ട്ര യാത്രയുമായി ബന്ധമില്ലാത്ത നിരവധി കേസുകൾ കണ്ടെത്തിയതായി അദ്ദേഹം എം.പിമാരോട് പറഞ്ഞു. ഒമിക്രോൺ വേരിയന്റ് പിടിപെടാനും മറ്റുള്ളവരിലേക്ക് പടരാനുമുള്ള സാധ്യത കൂടുതലാണ്. വൈറസ് വർഷങ്ങളോളം ഇവിടെ വ്യാപനം നടത്തുമെന്നും വർഷാവർഷം ബൂസ്റ്റർ വാക്‌സിനേഷൻ നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.കെയിൽ ഒമിക്രോൺ കേസുകൾ 336 ആയി ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എന്നാൽ വകഭേദം ബാധിച്ചവരൊന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ മാസമാണ് സൗത്ത് ആഫ്രിക്കയിൽ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഇതിന് ശേഷം 52 രാജ്യങ്ങളിൽ ഒമിക്രോൺ എത്തി. കോവിഡ് വാക്‌സിൻ രണ്ട് ഡോസ് നേടുമ്പോൾ ലഭിക്കുന്ന സുരക്ഷയെ മറികടക്കാൻ സ്‌ട്രെയിന് സാധിക്കുമെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.
ലോകമാകെ ഒമിക്രോൺ കേസുകൾ വൻതോതിൽ വർധിക്കുന്നത് വൻ ഭീഷണിയാവുന്നു. ഡെൽറ്റ വേരിയന്റ് കേസുകൾ കുറയുകയും അതോടൊപ്പം ഒമിക്രോൺ കേസുകൾ വർധിക്കുകയും ചെയ്യുന്നതാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് അടക്കം ഭീഷണിയാവുന്നത്. ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. ഒമിക്രോൺ കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ 228 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും ആരോഗ്യ മേഖലയോട് സജ്ജമായിരിക്കാനാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ലോകരാജ്യങ്ങളിലെ 21 ശതമാനത്തോളം അതിർത്തികൾ ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര ടൂറിസത്തെയും ബാധിച്ചു. ഒന്നര വർഷത്തോളമായി ഇതിൽ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അത്തരം കേന്ദ്രങ്ങളിൽ നാലിലൊന്ന് ഭാഗവും അടഞ്ഞു കിടക്കുകയാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമേ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുള്ളൂ.
ഒമിക്രോൺ ഇതുവരെ അപകടകാരിയാണെന്ന് ഒരു വിദഗ്ധരും പറഞ്ഞിട്ടില്ല. എന്നാൽ അതിവേഗത്തിൽ വ്യാപിക്കാൻ ഈ വകഭേദത്തിന് സാധിക്കും. അതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതും. റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ എയർലൈൻസിനെ വിവരമറിയിക്കണമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഇവർ ഇന്ത്യയിലെത്തുമ്പോൾ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റൈനിൽ ഇരിക്കണം. പോസിറ്റിവായാൽ ഐസൊലേഷൻ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള പ്രതിരോധ നടപടികൾ തന്നെ ഒമിക്രോണിന്റെ കാര്യത്തിലും മതിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്‌സിനേഷൻ വർധിപ്പിക്കുന്നത് കൂടുതൽ ഗുണം ചെയ്‌തേക്കും.
ഫെബ്രുവരിയിലെ മൂന്നാം തരംഗത്തിന് തയാറെടുക്കുന്ന കേന്ദ്ര സർക്കാർ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പോർച്ചുഗൽ മാതൃകയിൽ ചട്ടം രൂപീകരിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജോലികൾ വരെ വർക്ക് ഫ്രം ഹോമിലേക്ക് മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിവിധ സ്വകാര്യ കമ്പനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ടി.സി.എസ് പോലുള്ള മുൻനിര കമ്പനികൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി അടുത്തിടെ നീട്ടുകയാണ് ചെയ്തത്. . വർഷങ്ങളോളം കോവിഡിനൊപ്പം ജീവിക്കാൻ ജനം നിർബന്ധിതരാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വകഭേദങ്ങൾ വരുന്നതും വർക്ക് ഫ്രം ഹോം മാതൃകയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിന് നിയമസാധുത നൽകുന്നതിന് ചട്ടം രൂപീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
ജനുവരിയിൽ സേവന മേഖലയിൽ വർക്ക് ഫ്രം ഹോം സ്ഥിരമായി നടപ്പാക്കുന്നതിന്റെ സാധ്യത തേടാൻ കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തൊഴിൽ സമയം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ജീവനക്കാരും തൊഴിലുടമയും ധാരണയിലെത്തി ഇത് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിച്ചത്. ഐ.ടി, ഐ.ടി അനുബന്ധ കമ്പനികളിൽ ഈ മാതൃക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലും മറ്റും ഒമിക്രോൺ എക്‌സ്‌ക്ലൂസീവ് വാർഡുകൾ തുറന്നതും അത്ര നല്ല സൂചനയല്ല.






