അബുദാബി - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും തമ്മില്‍ അബുദാബിയില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
ചര്‍ച്ചക്കൊടുവില്‍ യു.എ.ഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി സൗദി കിരീടാവകാശിക്ക് സായിദ് മെഡല്‍ സമ്മാനിച്ചു. വിദേശ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാര്‍ക്കും രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും സമ്മാനിക്കുന്ന യു.എ.ഇയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സൗദി അറേബ്യയും യു.എ.ഇയും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങളും ശക്തവും ചരിത്രപരവുമായ ബന്ധങ്ങളും കണക്കിലെടുത്താണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് സമ്മാനിച്ചത്.
2016 ല്‍ യു.എ.ഇയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും 2019 ല്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിക്കും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ രാജാവിനും അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദിനും മറ്റേതാനും ലോക നേതാക്കള്‍ക്കും സായിദ് മെഡല്‍ സമ്മാനിച്ചിട്ടുണ്ട്.
സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാരം പത്തു വര്‍ഷത്തിനിടെ 112 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2009 ല്‍ ഉഭയകക്ഷി വ്യാപാരം 4,270 കോടി റിയാലായിരുന്നു. 2019 ല്‍ ഇത് 9,040 കോടി റിയാലായി ഉയര്‍ന്നു. ഇക്കാലയളവില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം എട്ടര ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരി കാരണം ഉഭയകക്ഷി വ്യാപാരം 13.1 ശതമാനം തോതില്‍ കുറഞ്ഞ് 7,860 കോടി റിയാലിലെത്തി.
കഴിഞ്ഞ കൊല്ലം സൗദിയില്‍ നിന്ന് ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ. കഴിഞ്ഞ വര്‍ഷം 4,430 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ യു.എ.ഇ ഇറക്കുമതി ചെയ്യുകയും സൗദിയിലേക്ക് 3,430 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുകയും ചെയ്തു. പത്തു വര്‍ഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 74,840 റിയാലായി ഉയര്‍ന്നു. ഇതില്‍ 44,840 കോടി റിയാല്‍ യു.എ.ഇയിലേക്കുള്ള സൗദി കയറ്റുമതിയും 30,000 കോടി റിയാല്‍ യു.എ.ഇയില്‍ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിയുമാണ്. ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ ഉഭയകക്ഷി വ്യാപാരം 7,510 കോടി റിയാലായി ഉയര്‍ന്നു. രണ്ടായിരത്തിലേറെ സൗദി കമ്പനികള്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി നിക്ഷേപങ്ങളോടെ ആരംഭിച്ച നൂറിലേറെ വ്യവസായ, സേവന പദ്ധതികളും യു.എ.ഇയിലുണ്ട്.