Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ ചില വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കുന്നു

കുവൈത്ത് സിറ്റി - ചില വിദേശികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ട്രാഫിക് വിഭാഗം ആലോചിക്കുന്നു. വേതനം, യോഗ്യത എന്നിവ അടക്കം വിദേശികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കാന്‍ ബാധകമാക്കിയ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്താന്‍ വിദേശികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുനഃപരിശോധിച്ച് വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തവരുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാനാണ് നീക്കം. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ അല്‍നവാഫിന്റെ നിര്‍ദേശാനുസരണമാണിത്.

ഇതുപ്രകാരം 600 ദീനാര്‍ വേതനത്തിന് ജോലി ചെയ്യുന്ന, യൂനിവേഴ്‌സിറ്റി ബിരുദധാരികളായ അക്കൗണ്ടന്റുമാര്‍ പിന്നീട് 400 ദീനാര്‍ വേതനം ലഭിക്കുന്ന ജോലിയിലേക്ക് മാറിയാല്‍ ലൈസന്‍സ് പിന്‍വലിക്കും. ഡ്രൈവര്‍ എന്നോണം ലൈസന്‍സ് നേടിയവര്‍ പിന്നീട് ബാര്‍ബര്‍ പോലുള്ള ജോലികളിലേക്ക് പ്രൊഫഷന്‍ മാറ്റിയാലും ലൈസന്‍സ് പിന്‍വലിക്കും. വേതന വ്യവസ്ഥ പൂര്‍ണമല്ലാതെ, പ്രത്യേക ഇളവ് ലഭിച്ച് ലൈസന്‍സ് നേടിയ മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തനമല്ലാത്ത മേഖലയിലേക്ക് ജോലി മാറിയാല്‍ അത്തരക്കാരില്‍ നിന്നും ലൈസന്‍സ് പിന്‍വലിക്കും. ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തും. വ്യവസ്ഥകള്‍ പൂര്‍ണമല്ലാതായതായി കണ്ടെത്തിയാല്‍ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest News