Sorry, you need to enable JavaScript to visit this website.

ദുബായ് എക്‌സ്‌പോയിലേക്ക്  സന്ദർശകരുടെ കുത്തൊഴുക്ക്

ദുബായ് എക്‌സ്‌പോ നഗരിയിൽ വിനോദത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ. 
  •  സന്ദർശകർ 5.6 മില്യൺ കവിഞ്ഞു 
  •  വെർച്വൽ സന്ദർശകർ 25 മില്യൺ 

ദുബായ് - ദുബായ് എക്‌സ്‌പോ സന്ദർശിക്കാനെത്തിയവരുടെ എണ്ണം 5.6 മില്യണായി ഉയർന്നു. യു.എ.ഇ ദേശീയദിന വാരാന്ത്യം കഴിഞ്ഞതിന് ശേഷമുള്ള കണക്കാണിത്. ഒക്ടോബർ 01 ന് ആരംഭിച്ച ലോകമേള ഇതിനകം 5,663,960 പേർ സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. 

യു.എ.ഇ തദ്ദേശീയരും പ്രവാസികളും വിനോദസഞ്ചാരികളും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുത്തൊഴുക്കാണ് ലോകമേള സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി എക്‌സ്‌പോ നൽകിയ നിരവധി ടിക്കറ്റ് ഓഫറുകൾ പ്രയോജനപ്പെടുത്തിയതും ദേശീയ ദിനമായ ഡിസംബർ രണ്ടിന് എല്ലാവർക്കും സൗജന്യ പ്രവേശനം നൽകിയതുമാണ് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാവാൻ കാരണം. 
രണ്ടുമാസത്തിനകം 10,461 ഇവന്റുകൾ സംഘടിപ്പിച്ച് ലോകശ്രദ്ധ നേടിയ എക്‌സ്‌പോ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ, പ്രധാനമന്ത്രിമാർ, മറ്റു മന്ത്രിമാർ അടക്കം 5,383 പ്രമുഖർ സന്ദർശിച്ചതായി അധികൃതർ പറഞ്ഞു. പത്ത് സന്ദർശകരിൽ ആറ് പേരും എക്‌സ്‌പോയുടെ സീസൺ പാസുള്ളവരാണെന്നും അവർ പറഞ്ഞു. യു.കെ, സൗദി അറേബ്യ, ജർമനി, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരിലേറെയും. വെർച്വൽ സന്ദർശകരുടെ എണ്ണം 25 മില്യൺ കവിഞ്ഞു. ദുബായ് മെട്രോ വഴി 2.2 മില്യൺ സന്ദർശകർ എക്‌സ്‌പോയിലേക്ക് എത്തിയതായാണ് കണക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 2,50,000 സ്‌കൂൾ കുട്ടികളാണ് എക്‌സ്‌പോ സന്ദർശിച്ചത്. 
യു.എ.ഇയുടെ ചരിത്രഗാഥകൾ വിവരിക്കുന്ന 'ജേർണി ഓഫ് ദി 50' ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകരെ ആകർഷിച്ച പ്രധാന ഇവന്റ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എക്‌സ്‌പോ സന്ദർശിച്ച ശ്രദ്ധേയനായ വ്യക്തി. 


 

Latest News