ക്ലിഫ് ഹൗസിന് സുരക്ഷ കൂട്ടുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലക്ക് ഡപ്യൂട്ടി കമ്മീഷണര്‍

തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കാനുള്ള പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ ഡി.ഐ.ജിയുടെ (സെക്യൂരിറ്റി) നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പോലീസ് മേധാവിയുടെ പ്രധാന നിര്‍ദേശം.

ഇത് അംഗീകരിച്ചതോടെ സുരക്ഷാ കാര്യങ്ങളുടെ ഏകോപനം ഇനിമുതല്‍ ഡി.ഐ.ജിക്ക് (സെക്യൂരിറ്റി) ആയിരിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേല്‍നോട്ടം ഡപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാര്‍ശയും ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആലോചിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറയുന്നു.

2020ല്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് വിലക്കു ലംഘിച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണു സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

 

Latest News