പുട്ടിന്‍ ദല്‍ഹിയില്‍, മോഡിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.  അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ വ്‌ളാഡിമിര്‍ പുട്ടിന്‍ ആശങ്കയറിയിച്ചു. ഭീകരവാദം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആശങ്കയുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ-റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതക്കെതിരെ ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണക്കു നന്ദിയുണ്ടെന്ന് മോഡി അറിയിച്ചു. പുട്ടിന്റെ സന്ദര്‍ശനം ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ വളര്‍ച്ചക്കു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ശക്തരാകാന്‍ നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ചയില്‍ സുപ്രധാന ആയുധ കരാറുകള്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.

 

Latest News