കുട്ടിയെ കരയിപ്പിച്ച പരസ്യവിചാരണ, മാപ്പ് ചോദിച്ച് പോലീസുകാരി

കൊച്ചി- ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത കേസില്‍ ഡി.ജി.പിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കുട്ടി കരഞ്ഞത് പോലീസുകാരിയുടെ പെരുമാറ്റം കൊണ്ടല്ല, ആളുകള്‍ കൂടിയതുകൊണ്ടാണെന്ന പോലീസ് റിപ്പോര്‍ട്ടിലാണ് കോടതി വിമര്‍ശനമുണ്ടായത്.
എസ്.എസി, എസ്.ടി ആക്ട് പ്രകാരം കേസെടുക്കാനാവില്ലെന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനും കാരണം ബോധിപ്പിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത്ത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. കുട്ടിക്ക് അനുകൂലമായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ഡി.ജി.പിയുമായി കൂടിയാലോചിച്ചു കോടതിയില്‍ വിവരം ബോധിപ്പിക്കാമെന്നു സര്‍ക്കാര്‍  കോടതിയില്‍ അറിയിച്ചു.
കുട്ടിക്ക്് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കേണ്ടതാണെന്നു കോടതി വാക്കാല്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.  കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാവാന്‍ കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ കൊണ്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കുട്ടിയെ പരസ്യവിചാരണയ്ക്ക് വിധേയമാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍  മാപ്പ് ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥ മാപ്പു ചോദിച്ചതു സംബന്ധിച്ചു മറുപടി നല്‍കാന്‍ കുട്ടിക്ക് കോടതി കൂടുതല്‍ സമയം നല്‍കി. കേസ് പരിഗണിക്കുന്ന ഡിസംബര്‍ 15 നു മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.  
മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കേസില്‍ മാപ്പാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥ രജിത കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ മാപ്പു നല്‍കുന്ന കാര്യം സ്വീകരിക്കണോയെന്നു  തീരുമാനിക്കേണ്ടത് കുട്ടിയും കുടുംബവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥയുടെ നടപടി സ്വാഗതാര്‍ഹമാണന്ന്  കോടതി പറഞ്ഞൂ.

 

 

Latest News