വിവാഹത്തിനു മണിക്കൂറുകള്‍ക്ക്മുമ്പ് വരനായ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

ചീമേനി- വിവാഹത്തിന് മണിക്കൂറുകള്‍ക്കു  വരനായ  പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ടയിലെ വേണുഗോപാലന്റെ  മകനും കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനുമായ വിനീഷ് (29) ആണ് മരിച്ചത്.
ആലന്തട്ടയിലെ ഇരുനില വീടിന്റെ ടെറസിന് മുകളില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിക്കും ആറു മണിക്കും ഇടയിലായിരിക്കും സംഭവമെന്ന് കരുതുന്നു.
ഇളമ്പച്ചി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇന്ന് നടക്കാവിലെ ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കേണ്ടതായിരുന്നു. തലേന്നാള്‍ രാത്രി വീട്ടില്‍ ഒരുക്കിയിരുന്ന സല്‍ക്കാരങ്ങള്‍ കഴിഞ്ഞതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ചീമേനി എസ്‌ഐ രമേശനും സംഘവും ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തൂങ്ങി മരിക്കാനിടയായതിന്  പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിനീഷിന്റെ  മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest News