കൊച്ചി- വൈപ്പിന്‍ നായരമ്പലത്ത് വിധവയായ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിച്ച തെറ്റയില്‍ വീട്ടില്‍ സിന്ധുവിനെ അയല്‍വാസിയായ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.
സിന്ധുവിന്റെ പരാതിയില്‍ യുവാവിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെന്നും എന്നാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്നും ഇവര്‍ അറിയിച്ചു.
യുവാവിന്റെ പങ്ക് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പോലീസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് കൈമാറിയിരിക്കുന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സിന്ധുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ മകന് അതുല്‍ ചികിത്സയിലാണ്. 70 ശതമാനം പൊള്ളലേറ്റ മകന്റെ മൊഴിയെടുത്താല്‍ മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പോലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. 18 കാരനായ മകന് അതുല്‍ അടുത്തുള്ള തറവാട്ടുവീട്ടിലേക്ക് രാവിലെ വിളിക്കാറുള്ളതാണ്. വിളിക്കാതിരുന്നതിനാല്‍ ബന്ധുക്കള്‍ ചെന്നു നോക്കിയപ്പോഴാണ് സിന്ധുവിനെ മരിച്ച നിലയിലും അതുലിനെ പൊള്ളലേറ്റ് അവശനിലയിലും കണ്ടത്. കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്തുവരികയായിരുന്നു സിന്ധു. ഭര്‍ത്താവ് മരിച്ച ശേഷം മകനോടൊപ്പം കഴിയുന്ന സിന്ധുവിനെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തിയതറിഞ്ഞ് സിന്ധുവിന്റെ സഹോദരന് യുവാവിനെ ചോദ്യം ചെയ്തിരുന്നു. ചോദിക്കാന്‍ ചെന്ന സഹോദരനെ യുവാവ് മര്‍ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് സിന്ധു കഴിഞ്ഞ ദിവസം പോലീസില്‍ യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു. സിന്ധുവിന്റെ പരാതിയിന്മേല് യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് കടുത്ത നടപടികളൊന്നുമെടുക്കാതെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മകള്‍ ആത്മഹത്യ ചെയ്യാന്‍ മറ്റൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സിന്ധുവിന്റെ പിതാവ് പറയുന്നത്.






