കൊച്ചി- കേരളം നിക്ഷേപ സൗഹൃദമാണെന്നും നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആരേയും ഭയപ്പെടേണ്ടതില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.
തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം കേരളത്തില്‍ തന്നെ നിക്ഷേപിക്കുമെന്നും യൂസഫലി വ്യക്തമാക്കി. രാജ്യമാകെ നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമായ സംസ്ഥാനമാണ്. അല്ലെങ്കില്‍ താന്‍ കേരളത്തില്‍ നിക്ഷേപം നടത്തില്ലല്ലോ എന്ന് യൂസഫലി ചൂണ്ടിക്കാട്ടി.
നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വിവാദങ്ങളുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ലെന്നും ഇത് എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാകുന്നതാണെന്നും യൂസഫലി പറഞ്ഞു. കേരളം തന്റെ കൂടി സംസ്ഥാനമാണ്. അത്കൊണ്ട് കേരളത്തില്‍ നിന്നുളള ആളുകള്‍ക്ക് തൊഴില്‍ നല്‍കേണ്ടത് തന്റെ കടമയാണ്. മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിന് നല്‍കി തനിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും യൂസഫലി വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തോട് നന്ദിയറിയിക്കാന്‍ പനങ്ങാട് എത്തിയപ്പോഴാണ് യൂസഫലി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക അന്വേഷണ നിഗമനമെന്ന് എം.എ യൂസഫലി പറഞ്ഞു. പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിലും പൈലറ്റിന് പിഴവുണ്ടായെന്നാണ് ഡിജിസിഎ നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുന്നതായും യൂസഫലി പറഞ്ഞു.