സ്‌കൂട്ടറിലെ SEX; ദല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടു

ന്യൂദല്‍ഹി- സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പറില്‍ SEX എന്ന പദം വന്നതിനെ തുടര്‍ന്ന് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനി മാനഹാനി നേരിട്ട സംഭവത്തില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടു. വാഹന രജിസ്‌ട്രേഷന്‍ ഉടന്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഗതാഗത വകുപ്പിന് കമ്മീഷന്‍ നോട്ടീസ് അയച്ചു. SEX സീരീസില്‍ ഇതുവരെ എത്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ കാരണം ബന്ധുക്കളും അയല്‍ക്കാരും കളിയാക്കുകയും നാണംകെടുത്തുകയുമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതു കാരണം യാത്രചെയ്യാനും പുറത്തിറങ്ങാനും വയ്യാതായിരിക്കുകയാണെന്നും യുവതി പരാതിപ്പെട്ടിരുന്നു. 

നമ്പര്‍ പ്ലേറ്റില്‍ SEX എന്നെഴുതിയതാണ് പ്രശ്‌നമായത്. DL 3 SEX **** എന്നാണ് നമ്പര്‍ പ്ലേറ്റ്. നാണമില്ലെ എന്നു പറഞ്ഞ് അയല്‍ക്കാരായ ആന്റിമാരും ചുറ്റിലുമുള്ള എല്ലാവരും വലിയ ശല്യമായി മാറിയിരിക്കുന്നു എന്ന് യുവതി പറയുന്നു. ദല്‍ഹി സരായ് കലാൻ ഖാൻ റീജനൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഇപ്പോള്‍ ഇഷ്യൂ ചെയ്തു വരുന്ന നമ്പര്‍ സീരീസ് E X ആണ്. സ്‌കൂട്ടര്‍ ആണെന്ന് സൂചിപ്പിക്കുന്നതിനാണ് S കൂടി ചേര്‍ക്കുന്നത്. പ്ലേറ്റില്‍ ഇത് SEX ആകും. EX സീരീസിലെ നമ്പറുകള്‍ അവസാനിക്കുന്നതുവരെ ഇങ്ങനെ ആയിരിക്കും. ഇത് മാറ്റി നല്‍കാമോ എന്നന്വേഷിച്ച് യുവതിയുടെ അച്ഛന്‍ സരായ് കാലന്‍ ഖാന്‍ ആര്‍ടിഒയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കളിയാക്കലുകളും കമന്റുകളും സഹിക്കവയ്യാതെ യുവതി ഇപ്പോല്‍ തന്റെ സ്‌കൂട്ടര്‍ വീട്ടിനകത്ത് കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്.

Latest News