തിരുവനന്തപുരം- സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രീറിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ലോകമാകെയുള്ള റിലീസിംഗ് സെന്ററുകളുടെ കാര്യത്തിലും മലയാളത്തില്‍ റെക്കോര്‍ഡ് ഇട്ട ചിത്രത്തിന്റെ ഫാന്‍സ് ഷോകള്‍ റിലീസ് ദിനത്തില്‍ അര്‍ധരാത്രി 12 മണിക്കു തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യദിനങ്ങളില്‍ ചിത്രത്തിനെതിരെ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ചില തിയറ്റര്‍ ഉടമകളും ഇക്കാര്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച മാല പാര്‍വ്വതി. ചിത്രത്തിനെതിരെ അപവാദ പ്രചരണങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ മരക്കാര്‍ അഥിനെയെല്ലാം അതിജീവിക്കുമെന്നും മാല പാര്‍വ്വതി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അവരുടെ പ്രതികരണം.
മാല പാര്‍വ്വതിയുടെ കുറിപ്പ്
'കൊവിഡിന്റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. 'മരക്കാര്‍' തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കി. ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ഈ പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും. ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു. അപവാദങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.'
അതേസമയം ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നലെ രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെയും പ്രിയദര്‍ശന്‍ സംസാരിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായ മരക്കാര്‍ വ്യാഴാഴ്ച ലോകമാകമാനം 4100 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീറിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ ചിത്രം നേടിയ ഇനിഷ്യല്‍ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്തെത്തിയിട്ടില്ല.