കാണ്ടെ എവിടെ, കപ്പ് അവിടെ

റൂണിയും പോഗ്ബയുമൊക്കെയായിരിക്കും മാധ്യമങ്ങളിൽ തലക്കെട്ടുകൾ പിടിക്കുന്നത്. എന്നാൽ കണക്കുകൾ കള്ളം പറയില്ല. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം സീസണിലും എൻഗോലൊ കാണ്ടെയുടെ ടീം കിരീടത്തോടടുക്കുകയാണ്. എന്താണ് ഈ കളിക്കാരനെ വ്യത്യസ്തനാക്കുന്നത്?

എന്തുകൊണ്ടാണ് ആരും വില കൽപിക്കാതിരുന്ന ലെസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ചാമ്പ്യന്മാരായത്? എന്തുകൊണ്ടാണ് കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായി നിരാശപ്പെടുത്തിയ ചെൽസി ഈ സീസണിൽ 10 പോയന്റ് ലീഡോടെ ഒന്നാം സ്ഥാനത്തേക്കു കുതിക്കുന്നതും കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി തരംതാഴ്ത്തൽ മേഖലയിലേക്ക് പോയതും? ഉത്തരം ഒന്നേയുള്ളൂ -കഴിഞ്ഞ സീസണിൽ എൻഗോലൊ കാണ്ടെ ലെസ്റ്ററിലായിരുന്നു, ഈ സീസണിൽ ചെൽസിയിലും. ജൂലൈയിൽ മൂന്നു കോടി പൗണ്ടിനാണ് ലെസ്റ്ററിൽനിന്ന് കാണ്ടെയെ ചെൽസി റാഞ്ചിയത്. അധികമാരും അതു ശ്രദ്ധിച്ചില്ല. ചെൽസി പുറത്താക്കിയ ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കോച്ചായി ചുമതലയേറ്റ ജോസെ മൗറിഞ്ഞോയുടെ നീക്കങ്ങളായിരുന്നു എവിടെയും ചർച്ചാ വിഷയം. യുവന്റസിൽനിന്ന് ലോക റെക്കോർഡ് തുകക്ക് പോൾ പോഗ്ബയെ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കിയതിനെക്കുറിച്ചാണ് മാധ്യമങ്ങൾ സംസാരിച്ചത്. 
പക്ഷെ കാണ്ടെയുടെ കൂടുമാറ്റമാണ് ഈ സീസണിൽ നിർണായകമായത്. പോഗ്ബക്കായി യുനൈറ്റഡ് ഒമ്പതു കോടി പൗണ്ട് മുടക്കിയപ്പോൾ കാണ്ടെയെ ചെൽസി വാങ്ങിയത് വെറും മൂന്നു കോടി പൗണ്ടിനായിരുന്നു. മഹാദ്ഭുതം സംഭവിച്ചില്ലെങ്കിൽ കാണ്ടെ ഇത്തവണ ചരിത്രമെഴുതും. തുടർച്ചയായ രണ്ടു സീസണിൽ രണ്ടു ക്ലബ്ബുകളിൽ പ്രീമിയർ ലീഗ് കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കളിക്കാരനാവും ഈ അഞ്ചടി ആറിഞ്ചുകാരൻ. എറിക് കണ്ടോണ 1992-93 കാലത്ത് ലീഡ്‌സ് യുനൈറ്റഡുമൊത്തും മാഞ്ചസ്റ്റർ യുനൈറ്റഡുമൊത്തും കിരീടം നേടിയതാണ് സമാന സംഭവം. 
മധ്യനിരയിലെ ടാക്ലിംഗും പാസ് തട്ടിയെടുക്കലും പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക് തിരിയാനുള്ള കഴിവും കൊണ്ട് ചെൽസിയുടെ ആണിക്കല്ലായി മാറിയിരിക്കുകയാണ് കാണ്ടെ. അതേസമയം ഇരുപത്തഞ്ചുകാരൻ കഴിഞ്ഞ സീസണിൽ മധ്യനിര ഭരിച്ച ലെസ്റ്റർ നാണക്കേടിന്റെ റെക്കോർഡിലേക്ക് നീങ്ങുകയാണ്. 80 വർഷത്തിനിടെ പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെടുന്ന ആദ്യ ചാമ്പ്യന്മാരാവുന്നതിലേക്കാണ് അവരുടെ പതനം. എന്താണ് ഈ ദുരന്തത്തിന്റെ കാരണമെന്ന് ലെസ്റ്റർ കോച്ച് ക്ലോഡിയൊ റനിയേരി വിലയിരുത്തുന്നു. 'ചെൽസി കാണ്ടെയെ റാഞ്ചിയെങ്കിൽ അതിന് കാരണമുണ്ട്. രണ്ടു കളിക്കാരുടെ ഫലമാണ് അയാൾ ചെയ്യുക. റഫറി 11 പേരെയാണ് എണ്ണിയിട്ടുണ്ടാവുക, എന്നാൽ കാണ്ടെ ഉള്ള ടീമിന് 12 പേരുടെ ശക്തിയുണ്ടാവും'.
ആഴ്‌സനൽ മാനേജർ ആഴ്‌സൻ വെംഗർക്കും ഇക്കാര്യമറിയാം. രണ്ടു വർഷം മുമ്പ് കാണ്ടെയെ റാഞ്ചാൻ വെംഗർ ശ്രമിച്ചു. അന്ന് ഫ്രഞ്ച് ലീഗിൽ സിയേനിന്റെ അധികമറിയപ്പെടാത്ത കളിക്കാരനായിരുന്നു കാണ്ടെ. കഴിഞ്ഞ സീസണിലും വെംഗർ ശ്രമിച്ചു നോക്കി. 'ചെൽസി ഈ സീസണിൽ കുതിക്കുന്നതിൽ ഒരു അദ്ഭുതവുമില്ല. കഴിഞ്ഞ സീസണിൽ ലെസ്റ്ററായിരുന്നു ഇങ്ങനെ' -വെംഗർ പറഞ്ഞു. 
പ്രീമിയർ ലീഗിന്റെ ഒഫീഷ്യൽ കണക്കു സൂക്ഷിപ്പുകാരായ ഓപ്റ്റക്ക് തെറ്റില്ല. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ടാക്ലിംഗ് നടത്തിയതും (146) പാസുകൾ തട്ടിയെടുത്തതും (134) കാണ്ടെയാണ്. അതിനു മുമ്പത്തെ സീസണിൽ ഫ്രഞ്ച് ലീഗിലും ഇതേ റെക്കോർഡ് കാണ്ടെയുടെ പേരിലായിരുന്നു. ഈ സീസണിൽ ടാക്ലിംഗിൽ കാണ്ടെയെക്കാൾ മുന്നിൽ രണ്ടു പേരേയുള്ളൂ -എവർടന്റെ ഇദ്‌രീസ ഗയെയും ലിവർപൂൾ ജോർദാൻ ഹെൻഡേഴ്‌സനും. ഈയിടെ ലിവർപൂളുമായുള്ള ആവേശപ്പോരാട്ടത്തിൽ കാണ്ടെയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. 14 ടാക്ലിംഗുകളാണ് കാണ്ടെ നടത്തിയത്. ആ രാത്രി കളിക്കളത്തിലുണ്ടായിരുന്ന മറ്റാരെയുംകാൾ 11 കൂടുതൽ. എതിർ മധ്യനിരയെ തകർക്കാനാണ് കാണ്ടെയെ ചെൽസി കോച്ച് ആന്റോണിയൊ കോണ്ടെ ഉപയോഗിക്കുന്നത്. ശനിയാഴ്ച ആഴ്‌സനലിനെതിരായ 3-1 വിജയത്തിൽ കാണ്ടെയായിരുന്നു താരം. കാണ്ടെയെ ആക്രമണത്തിന് കൂടി ഉപയോഗിക്കാനാണ് എന്റെ ശ്രമം. വിനയമാണ് കാണ്ടെയുടെ കൈമുതൽ. അത് വളരെ പ്രധാനമാണ് -കോച്ച് പുകഴ്ത്തി. 
പ്രതിരോധത്തിൽ നെമാന്യ മാറ്റിച്ചിനൊപ്പം സുപ്രധാന പങ്കാണ് കാണ്ടെ വഹിക്കുന്നത് എന്നോർക്കണം. ഈ രണ്ടു പേരും വൻമതിലുകളായി നിലകൊള്ളുന്നതിനാലാണ് ബ്രസീലിയൻ സെന്റർ ബാക്ക് ഡാവിഡ് ലൂയിസിന് തോന്നുമ്പോഴൊക്കെ മുന്നേറാൻ സാധിക്കുന്നത്. മൂന്നംഗ പ്രതിരോധ നിര എന്ന ശൈലിയിലേക്ക് സെപ്റ്റംബറിൽ മാറിയ ശേഷം ചെൽസി 18 കളികളിൽ വഴങ്ങിയത് മൂന്നു ഗോൾ മാത്രം. അതേസമയം ലെസ്റ്ററിൽ കാണ്ടെയില്ലാതായതോടെ സഹ ഡിഫന്റർ ഡാനി ഡ്രിങ്ക്‌വാട്ടറും സെന്റർ ബാക്കുകളായ റോബർട് ഹൂത്, വെസ് മോർഗൻ എന്നിവരും കഴിഞ്ഞ സീസണിന്റെ നിഴൽ മാത്രമായി. ലെസ്റ്റർ ഇതിനകം വഴങ്ങിയത് 43 ഗോളാണ്, കഴിഞ്ഞ സീസണിൽ മൊത്തം വഴങ്ങിയതിനെക്കാൾ ഏഴെണ്ണം കൂടുതൽ. മാഞ്ചസ്റ്റർ യുനൈറ്റഡിലെ ഇതിഹാസ താരമായിരുന്ന റയാൻ ഗിഗ്‌സ് കഴിഞ്ഞയാഴ്ച ദ ഡെയിലി ടെലഗ്രാഫ് പത്രത്തിലെ തന്റെ കോളം ഉപയോഗിച്ചത് കാണ്ടെയുടെ മൂല്യം വിലയിരുത്താനാണ്. 'പന്തിനെ എങ്ങനെയും പിന്തുടർന്നു പിടിക്കും അയാൾ. നല്ല വേഗമുള്ളതിനാൽ എത്ര ദൂരവും പറന്നെത്തും, പന്തടിച്ചകറ്റും. ഇത്തരക്കാരായ എതിരാളികളാണ് ഏതു ടീമിന്റെയും പേടിസ്വപ്‌നം' -ഗിഗ്‌സ് പറഞ്ഞു. യുനൈറ്റഡ് കാണ്ടെയെ സ്വന്തമാക്കാൻ ശ്രമിക്കാതിരുന്നത് വലിയ നഷ്ടമായെന്നും ഗിഗ്‌സ് വിലയിരുത്തി. 
 

Latest News