കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ആശങ്കയെന്ന് കേന്ദ്രം 

ന്യൂദല്‍ഹി- കേരളത്തിൽ കോവിഡ് മരണം കൂടുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണിത്. തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.8 ശതമാനവും കേരളത്തിലാണ്. ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ പതിമൂന്ന് ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ വർധനവുണ്ടായി. ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിരീക്ഷണവും പരിശോധനയും കർശനമാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവർ 14 ദിവസം സമ്പർക്ക വിലക്കിലാണെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
 

Latest News